കണ്ണൂർ: ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് ബാലൻസ് മനസിലാക്കുകയും, തുടർന്ന് സി ബി ഐ ചമഞ്ഞ് കണ്ണൂർ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ കൈവശപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിൽ. തൃശൂർ ശാന്തി നഗർ സ്വദേശി ജിതിൻ ദാസ്, അലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ ചാലാട് സ്വദേശിയെയാണ് ഇവർ തട്ടിപ്പിന് ഇരയാക്കിയത്.
ആധാർ കാർഡ് ഉപയോഗിച്ച് വ്യക്തിയുടെ ബാങ്ക് ബാലൻസ് മനസിലാക്കിയ പ്രതികൾ സി ബി ഐ ഓഫീസർമാർ ആണെന്ന വ്യാജേന ഫോൺ ചെയ്യുകയായിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിങ്ങൾ വെർച്വൽ അറസ്റ്റിലാണെന്നും, നാട്ടിലെത്തിയാലുടൻ അറസ്റ്റ് ഉണ്ടാകുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. ഇത് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു. 13 ലക്ഷം രൂപയാണ് ഇങ്ങനെ തട്ടിയത്.
പ്രതികൾ ഇംഗ്ളീഷിലും ഹിന്ദിയിലും സംസാരിക്കുകയും, സി ബി ഐ ഓഫീസറായി ഉത്തരേന്ത്യൻ സ്വദേശിയെ എത്തിക്കുകയും ചെയ്തതോടെ എല്ലാം വിശ്വസനീയമാക്കുകയായിരിന്നു. നാഗ്പൂരിലെ എസ് ബി ഐ അക്കൗണ്ടിലേക്ക് ആണ് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതെങ്കിലും, ഇത് തൃശൂർ സ്വദേശി ജിതിൻ ദാസിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തട്ടിപ്പിൽ കൂടുതൽ കണ്ണികൾ ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഘത്തിലെ മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അധികൃതർ വ്യക്തമാക്കി.
Discussion about this post