മുംബൈ : ഇന്ത്യൻ വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ വിട വാങ്ങി. വ്യാവസായിക ലോകത്തും സമൂഹത്തിലും കാരുണ്യത്തിന്റെ കരസ്പർശങ്ങൾ പതിപ്പിച്ച ധാർമ്മികതയുടെയും
ജീവകാരുണ്യത്തിൻ്റെയും പ്രതീകമായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയിലെ ജനങ്ങൾ ഇത്രയേറെ മനസ്സിലേറ്റിയ മറ്റൊരു വ്യവസായി ഉണ്ടായിട്ടില്ല. സാധാരണക്കാരോടുള്ള കാരുണ്യപരമായ സമീപനവും അവർക്കായി തന്നാൽ കഴിയാവുന്നത് ചെയ്യാനുള്ള മനസ്സുമായിരുന്നു മറ്റു പല വ്യവസായ പ്രമുഖരിൽ നിന്നും രത്തൻ ടാറ്റയെ വ്യത്യസ്തനാക്കിയത്.
തന്റെ സമ്പത്തിന്റെ പാതിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച മഹനീയ വ്യക്തിത്വമാണ് രത്തൻ ടാറ്റയുടേത്. ദീർഘദർശിയായ അദ്ദേഹം രാജ്യത്തെ താഴേക്കിടയിൽ ഉള്ളവർക്ക് കൂടി വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. സമൂഹത്തിനായി നൽകിയ സംഭാവനകളുടെ പേരിൽ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയാണ് രത്തൻ ടാറ്റ.
ടാറ്റ ഗ്രൂപ്പിൻ്റെ സ്ഥാപകൻ ജംഷെഡ്ജി ടാറ്റയുടെ പേരക്കുട്ടി നവൽ ടാറ്റയുടെ മകനായിരുന്നു രത്തൻ ടാറ്റ . കോർണൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടിയ ശേഷം 1961ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിലേക്ക് കടന്നുവരുന്നത്. 1991-ൽ ജെആർഡി ടാറ്റയുടെ വിരമിക്കലിന് ശേഷം പിൻഗാമിയായി അദ്ദേഹം ചുമതലയേറ്റു. നീണ്ട 21 വർഷത്തോളം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി രത്തൻ ടാറ്റ പ്രവർത്തിച്ചിരുന്നു. രാജ്യത്തെ സാധാരണക്കാർക്ക് ഒരു സുരക്ഷിത വാഹനം എന്ന ആശയത്തിലൂന്നി ടാറ്റ നാനോ കാറിന്റെ സൃഷ്ടിയും വികസനവും നടത്തിയതും രത്തൻ ടാറ്റ ആണ്.
സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി വിഷയങ്ങളിൽ കാര്യമായ ഇടപെടലുകൾ നടത്തിയിട്ടുള്ള രത്തൻ ടാറ്റയ്ക്ക് രാജ്യം മുഴുവൻ വേദനയോടെ വിട നൽകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും അടക്കമുള്ള പ്രമുഖർ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനങ്ങൾ അറിയിച്ചു.
“ശ്രീ രത്തൻ ടാറ്റ ജി ഒരു ദീർഘവീക്ഷണമുള്ള ഒരു വ്യവസായ പ്രമുഖനും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ ഒരു ബിസിനസ്സ് സ്ഥാപനത്തിന് അദ്ദേഹം സുസ്ഥിരമായ നേതൃത്വം നൽകി. അതേ സമയം, അദ്ദേഹത്തിൻ്റെ സംഭാവന അതിനുമപ്പുറത്തേക്ക് വിശാലമായിരുന്നു. അദ്ദേഹത്തിൻ്റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി” എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രത്തൻ ടാറ്റയെ കുറിച്ചുള്ള തന്റെ അനുശോചന കുറിപ്പിൽ വ്യക്തമാക്കിയത്.
Discussion about this post