ന്യൂഡൽഹി:വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക സഹായത്തിനും സ്ഥിരമായ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ച് ദിവസ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതായിരിന്നു മുഹമ്മദ് മുയിസു. അദ്ദേഹവും ഭാര്യ സാജിദ മുഹമ്മദും തങ്ങളുടെ അഞ്ച് ദിവസത്തെ രാജ്യ സന്ദർശനം അവസാനിപ്പിച്ച് മടങ്ങുമ്പോഴാണ് ഇന്ത്യയെ പ്രശംസിച്ചു കൊണ്ടുള്ള പരാമർശങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു വർഷത്തേക്ക് 50 മില്യൺ യുഎസ് ഡോളറിൻ്റെ ട്രഷറി ബിൽ റോൾഓവർ ഉൾപ്പെടെ ഇന്ത്യയുടെ സാമ്പത്തിക സഹായത്തിന് മുയിസു പത്രക്കുറിപ്പിൽ നന്ദി അറിയിച്ചു.
അധികാരമേറ്റ ശേഷം മുയിസ്സുവിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു ഇത്. പ്രസിഡൻ്റ് ദ്രൗപതി മുർമുവിൻ്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. സന്ദർശന വേളയിൽ, പ്രസിഡൻ്റ് മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് നിരവധി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി മുയിസു ഉന്നതതല യോഗങ്ങൾ നടത്തി.
ഉഭയകക്ഷി കറൻസി കൈമാറ്റ കരാറിന് കീഴിൽ ഇന്ത്യ നൽകിയ 30 ബില്യൺ രൂപയുടെ അധിക സഹായത്തിനും അദ്ദേഹം നന്ദി പറഞ്ഞു. കനത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്ന്, ഇന്ത്യ പുറത്ത് മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ മുയിസു തന്റെ നയം മയപ്പെടുത്തുന്ന കാഴ്ചയാണ് കുറച്ചു കാലമായി കണ്ടുവരുന്നത്. മാലിദ്വീപിന്റെ ഇന്ത്യ വിരുദ്ധ പരാമർശത്തെ തുടർന്ന് അനവധി ഇന്ത്യക്കാർ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ മാലിദ്വീപിനെ ഉപേക്ഷിച്ചിരുന്നു.
Discussion about this post