ധാക്ക: ബംഗ്ലാദേശിൽ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിലെ കാളി വിഗ്രഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടം മോഷണം പോയി.വെള്ളിയിൽ നിർമ്മിച്ച് സ്വർണം പൂശിയ കിരീടം ഇന്നലെയാണ് മോഷണം പോയത്.
2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശന വേളയിലാണ് പ്രധാനമന്ത്രി കിരീടം ക്ഷേത്രത്തിന് സമർപ്പിച്ചത്. ഇന്ത്യ ക്ഷേത്രത്തിനായി വിവിധോദ്ദേശ്യ ഹാൾ നിർമ്മിച്ചുനൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പൂജ കഴിഞ്ഞ് പൂജാരി പോകുന്നത് വരെ കിരീടം വിഗ്രഹത്തിൽ ഉണ്ടായിരുന്നു. ക്ഷേത്രം വൃത്തിയാക്കാൻ എത്തിയവരാണ് കിരീടം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മോഷ്ടാക്കളെ കണ്ടെത്താനായി പോലീസ് അന്വേഷമം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്.
സംഭവത്തിൽ പ്രതികരിച്ച ഇന്ത്യ,മോഷണത്തെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുകയും ഇക്കാര്യം അന്വേഷിക്കാനും കിരീടം വീണ്ടെടുക്കാനും ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ അതിപ്രശസ്തമായ ക്ഷേത്രമാണ് ജശോരേശ്വരി ക്ഷേത്രം. ഹിന്ദുപുരാണങ്ങൾ പ്രകാരം ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 52 ശക്തിപീഠങ്ങളിൽ ഒന്നാണിത്. 12 ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ അനാരി എന്ന ബ്രാഹ്മണനാൽ നിർമ്മിക്കപ്പെട്ടതാണീ ക്ഷേത്രം.
Discussion about this post