ചെന്നൈ: പറന്നുയർന്നതിന് പിന്നാലെയാണ് തിരുച്ചിറപ്പള്ളിയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഇതോടെ വിമാനം അടിയന്തിരമായി താഴെയിറക്കുക എന്നത് മാത്രമായിരുന്നു പൈലറ്റ് ക്യാപ്റ്റൻ ഡാനിയൽ പെലിസയ്ക്കും സംഘത്തിനും മുൻപിലുള്ള ഏക മാർഗ്ഗം. എന്നാൽ അപ്പോഴും പരീക്ഷണം നേരിട്ടു. കാരണം വിമാനത്തിൽ നിറയെ ഇന്ധനമാണ്. ഇത് കത്തിത്തീരാതെ വിമാനം താഴെയിറക്കുന്നത് ഒരു പക്ഷെ വലിയ ദുരന്തത്തിലേക്ക് വഴിവച്ചേക്കാം.
ഇനി യാത്ര തുടർന്നാലോ?. ആ യാത്രയും വലിയ ദുരന്തത്തിലായിരിക്കും ചെന്നെത്തുക. ഇതോടെ ഇന്ധനം എങ്ങിനെയെങ്കിലും തീർക്കുക എന്നതായി പെലിസയുടെ മുൻപിലുള്ള പോംവഴി. ഇതിനായി രണ്ട് മണിക്കൂറോളമാണ് വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത്. ഇതിനിടെ സംഭവം പുറത്തറിഞ്ഞു. മാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചതോടെ ആശങ്കയും പടർന്നു.
ഇന്ധനം തീർന്നതോടെ വിമാനം താഴെയിറക്കാൻ തീരുമാനിച്ചു. നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ ആയിരുന്നു അത്. എന്നാൽ 141 പേരുകളുടെ ജീവനുകളെയും പെലിസ സുരക്ഷിതമായി താഴെയിറക്കി. എജർജൻസി ലാൻഡിംഗിന് ശേഷം പുറത്തെത്തിയ പെലിസയെ വലിയ കരഘോഷത്തോടെയായിരുന്നു വരമേറ്റത്.
വളരെ സങ്കീർണമായ സാഹചര്യം ആയിരുന്നു പെലിസ നേരിട്ടത്. എന്നാൽ മനോബലവും പരിചയ സമ്പത്തും പെലിസയ്ക്ക് തുണയായി. സധൈര്യം 141 പേരുടെ ജീവനുകൾ രക്ഷിച്ച പെലിസയ്ക്ക് വലിയ അഭിനന്ദന പ്രവാഹം ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Discussion about this post