ന്യൂഡല്‍ഹി: മധ്യപൂര്‍വേഷ്യയില്‍ യുദ്ധസമാനസാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇസ്രയേലിനെ സഹായിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറബ് ലോകത്തെ യു.എസ് സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തി ഇറാന്‍. യുഎസ് സൈനികര്‍ക്ക് താവളം നല്‍കുന്ന സമ്പന്ന ഗള്‍ഫ് രാഷ്ട്രങ്ങളെയാണ് ഇറാന്‍ താക്കീത് ചെയ്തിരിക്കുന്നത്. തങ്ങളുടെ പ്രദേശങ്ങളോ വ്യോമമേഖലയോ ഉപയോഗിച്ചാല്‍ കനത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രയേലിന് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയും പ്രധാന കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതാണ് ഇറാനെ ചൊടിപ്പിച്ചത്. എന്നാല്‍ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളും റോക്കറ്റുകളും ഇസ്രയേല്‍ ആകാശത്തുവെച്ചുതന്നെ അയേണ്‍ ഡോമുകള്‍ വച്ച് തകര്‍ത്തിരുന്നു
മൂന്നാഴ്ചയായി സൈനികനടപടി തുടരുന്ന ലെബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബരാഷീതിലെ അഗ്നിരക്ഷാസേനയുടെ കേന്ദ്രത്തിലാണ് അന്ന് ആക്രമണമുണ്ടായത്. തെക്കന്‍ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് വടക്കോട്ട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശം നല്‍കിയിരുന്നു.
വ്യോമാക്രമണത്തിനൊപ്പം തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതല്‍ കരയാക്രമണവും നടത്തുന്നുണ്ട്. മിസൈലുകള്‍, റോക്കറ്റ് വിക്ഷേപണസ്ഥലങ്ങള്‍, നിരീക്ഷണഗോപുരങ്ങള്‍, ആയുധപ്പുരകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
Discussion about this post