ഇറാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ വമ്പന്‍ സൈബര്‍ ആക്രമണം. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മൂന്ന് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ ഒക്ടോബര്‍ ഒന്നിന് 200 മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പറഞ്ഞതിന് പിന്നാലെയാണ് സംഭവം.
ഇറാന്‍ സര്‍ക്കാരിന്റെ ജുഡീഷ്യറി ഉള്‍പ്പെടെ മൂന്ന് ശാഖകളിലും ശക്തമായ സൈബര്‍ ആക്രമണമാണ് നടന്നിരിക്കുന്നത്. സുപ്രധാന ഡാറ്റകള്‍ ചോര്‍ന്നതായും ഇറാന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് സൈബര്‍ സ്‌പേസ് മുന്‍ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു. വൈദ്യുതി വിതരണം, മുന്‍സിപ്പല്‍ നെറ്റവര്‍ക്ക്, ഇന്ധന വിതരണം, പോര്‍ട്ടുകള്‍ തുടങ്ങി വിവിധ മേഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ, ഇസ്രയേലിന് സഹായമേകിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അറബ് രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ഇറാന്‍ രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രായേലിനെ സഹായിക്കാന്‍ അവരുടെ പ്രദേശങ്ങളോ വ്യോമാതിര്‍ത്തിയോ അനുവദിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ് സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രായേലിന് നേര്‍ക്ക് ഇറാന്‍ നടത്തിയ മിസൈലാക്രമണങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പുണ്ടായതിനു പിന്നാലെയാണ് ഇറാന്‍ താക്കീതുമായെത്തിയത്. ഇറാന്റെ ആണവ, ഇന്ധന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്കാണ് ഇസ്രയേല്‍ നിലവില്‍ മുന്‍തൂക്കം നല്‍കുന്നത്.
നേരത്തെ ജോര്‍ദാന്‍ പോലുള്ള രാഷ്ട്രങ്ങള്‍ ഇറാനെതിരേയുള്ള ആക്രമണങ്ങളില്‍ ഇസ്രയേലും യു.എസുമായി സഹകരിച്ചിരുന്നു. എങ്കിലും ഇസ്രയേലിന് പൂര്‍ണസഹകരണം നല്‍കുന്നത് അപകടമായേക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ അറബ് രാജ്യങ്ങള്‍.
Discussion about this post