ടൊറോന്റോ: കാനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടിക്കുള്ളിലെ ഒരു കൂട്ടം നിയമനിർമ്മാതാക്കൾ ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട് . ടൊറൻ്റോയിലെയും മോൺട്രിയലിലെയും സമീപകാല ഉപതെരഞ്ഞെടുപ്പ് പരാജയങ്ങളെത്തുടർന്നാണ് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ട്രൂഡോയ്‌ക്കെതിരെ അതൃപ്തി വർദ്ധിച്ചു വരുന്നത്. അസംതൃപ്തരായ എംപിമാർക്കിടയിൽ ഇതുമായി ബന്ധപ്പെട്ട് രഹസ്യയോഗങ്ങൾ നടത്തിയതായും സിബിസി ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിൻ ട്രൂഡോ നേതൃസ്ഥാനത്ത് നിന്നും മാറണമെന്ന് ആവശ്യപ്പെടുന്ന രേഖയിൽ ഏറ്റവും കുറഞ്ഞത് 20 നേതാക്കളെങ്കിലും ഒപ്പിട്ടിട്ടുണ്ടെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് 30 മുതൽ 40 വരെ എംപിമാരെങ്കിലും ട്രൂഡോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ ഒപ്പിടാൻ തയ്യാറാണെന്ന് പത്രം റിപ്പോർട്ട് ചെയ്തു.
ജൂണിൽ നടന്ന ടൊറൻ്റോ-സെൻ്റ്. പോളിൻ്റെ ഉപതെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ പാർട്ടിക്ക് അപ്രതീക്ഷിതമായ പരാജയം ഏറ്റു വാങ്ങേണ്ടി വന്നത് മുതൽ, എം പി മാർക്കിടയിൽ അതൃപ്തി പുകയുകയായിരിന്നു. ഇത് മോൺട്രിയൽ ഉപതിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് രൂക്ഷമാവുകയും ചെയ്തു. അടുത്തിടെ ഏഷ്യയിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുക്കുവാൻ ട്രൂഡോയുടെയും അദ്ദേഹത്തിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് കാറ്റി ടെൽഫോർഡിൻ്റെയും പോയതിനെ തുടർന്നാണ് എംപിമാർക്ക് സമ്മേളിക്കാനും മുന്നോട്ടുള്ള നീക്കത്തിനായി തന്ത്രങ്ങൾ മെനയാനും അവസരമൊരുങ്ങിയത്.
Discussion about this post