പാലക്കാട്: മണ്ണാർക്കാട് കാട് വെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത് ദുരൂഹത പടർത്തുന്നു. മണ്ണാർക്കാട് പള്ളിക്കറുപ്പിൽ പള്ളിപ്പറമ്പിൽ തൊഴിലാളികൾ കാടുവെട്ടുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മരച്ചുവട്ടിൽ നിന്നും അസ്ഥികൂടം കണ്ടത്. ഉടൻ പള്ളിക്കറുപ്പ് പള്ളിഭാരവാഹികളെ വിവരമറിയിച്ചു. മണ്ണാ൪ക്കാട് പൊലീസും സ്ഥലത്തെത്തി. വിശദ പരിശോധനയിൽ മരക്കൊമ്പിന് മുകളിൽ തുണിക്കഷ്ണങ്ങളും കണ്ടു. ഇതുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാനുള്ള അന്വേഷണത്തിലാണ് പോലീസ് മുന്നോട്ട് പോകുന്നത്.
മരക്കൊമ്പിൽ കണ്ട തുണിക്കഷ്ണങ്ങൾ മരണപ്പെട്ട വ്യക്തി കെട്ടി തൂങ്ങാൻ ഉപയോഗിച്ചതാണെന്നാണ് നിഗമനം. അസ്ഥികൂടം ഇതുവരെ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം സമീപത്ത് നിന്നും നീളമുള്ള മുടിയിഴകൾ കണ്ടെത്തിയിട്ടുണ്ട്.
സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചും പൊലീസ് അന്വഷണം ഊർജിതമാക്കി. ഫോറൻസിക് വിഭാഗത്തിൻറെ പരിശോധനയ്ക്കു ശേഷം അസ്ഥികൂടം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.









Discussion about this post