മുംബൈ: എന്‍.സി.പി നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബാ സിദ്ദിഖിന്റെ കൊലയ്ക്ക് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ച് സല്മാന് ഖാന്. നടന് നിലവില്‍ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് കനത്ത സുരക്ഷയാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ സല്‍മാന്റെ സുഹൃത്തുക്കളോട് അദ്ദേഹത്തെ കാണാന്‍ വീട്ടിലേക്ക് വരരുതെന്നും അഭ്യര്‍ത്ഥനയുണ്ട്.
ബാബാ സിദ്ദിഖുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് സല്മാന് ഖാന്. അതുകൊണ്ടുതന്നെ സിദ്ദിഖിയുടെ മരണം സല്‍മാനെ വല്ലാതെ തളര്‍ത്തിയിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ലീലാവതി ആശുപത്രിയില്‍ ബാബായുടെ മൃതദേഹം കണ്ടുവന്നതിനുശേഷം സല്‍മാന്റെ ഉറക്കം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
സല്മാന് ഖാന്റെ സഹോദരങ്ങളായ അര്‍ബാസ് ഖാനും സൊഹൈല്‍ ഖാനും ബാബാ സിദ്ദിഖുമായി ഏറെ അടുപ്പമുള്ളവരാണ്. ഇദ്ദേഹം നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടികളില്‍ ഇരുവരും സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സിദ്ദിഖ് ബാന്ദ്ര വെസ്റ്റില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുപി, ഹരിയാണ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. മൂന്നാമനായുള്ള തിരച്ചില്‍ ക്രൈം ബ്രാഞ്ച് സംഘം തുടരുകയാണ്. സല്മാന് ഖാനുമായുള്ള അടുപ്പമാണ് കൊലപാതകത്തിനുകാരണമെന്നും വിവരമുണ്ട്. ബിഷ്ണോയ് ഗ്യാങ്ങാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
Discussion about this post