ന്യൂഡൽഹി: കൊല്ലപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി നിജ്ജാർ കൊലപാതക കേസുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കുറ്റപ്പെടുത്തി ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യൻ ഹൈകമ്മീഷണറെ കേസിൽപ്പെടുത്താൻ നോക്കുകയാണ്. ട്രൂഡോ മത തീവ്രവാദികൾക്ക് കീഴടങ്ങിയാണ് ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
കഴിഞ്ഞ ദിവസം കാനഡ ആരോപിക്കുന്ന കാര്യങ്ങളിൽ ഇന്ത്യ തെളിവ് ചോദിച്ചിരുന്നു. തെളിവുകളൊന്നും ഹാജരാക്കാതെ മോദിസർക്കാരിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കാനഡയുടെ ഉന്നത സുരക്ഷാ നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇക്കാര്യം അറിയിച്ചത്.
ക്രിമിനൽ നിയമത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ട്രൂഡോ സർക്കാർ ചെയ്യുന്നതെന്നും കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തി. അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയ നിർദേശങ്ങൾ നൽകുന്നത് നിയമപരമായി കുറ്റകരമാണെന്നും ട്രൂഡോ ഭരണകൂടത്തോട് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ഉദ്യോഗസ്ഥർ കേസിൽ രാജ്യത്തിന് ഒന്നും മറക്കാനില്ലെന്ന് അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയെ അപമാനിക്കാനിടയായ സാഹചര്യം വിശദീകരിക്കണമെന്നും കാനഡയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
2023 ജൂൺ 18-നാണ് സർറിയിലെ ഗുരുദ്വാരയ്ക്കുപുറത്ത് കാനഡ പൗരനായ നിജ്ജർ വെടിയേറ്റുമരിച്ചത്. സംഭവം ഇരുരാജ്യത്തിനുമിടയിലുള്ള നയതന്ത്രബന്ധത്തിൽ വലിയ വിള്ളൽ വീഴ്ത്തിയിരുന്നു.
Discussion about this post