ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ലിൽ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ. തിങ്കളാഴ്ച വഖഫ് (ഭേദഗതി) ബിൽ പരിശോധിക്കുന്ന പാർലമെൻ്ററി കമ്മിറ്റി യോഗം എല്ലാ പ്രതിപക്ഷ എംപിമാരും ബഹിഷ്കരിച്ചു. ചട്ടങ്ങൾ അനുസരിച്ചല്ല പാനൽ പ്രവർത്തിക്കുന്നതെന്നാണ് പ്രതിപക്ഷ എംപിമാർ കുറ്റപ്പെടുത്തുന്നത്.
പ്രതിപക്ഷ എംപിമാരായ എഐഎംഐഎമ്മിൻ്റെ അസദുദ്ദീൻ ഒവൈസി, സമാജ്‌വാദി പാർട്ടിയുടെ മൊഹിബുള്ള, ആം ആദ്മി പാർട്ടിയുടെ (എഎപി) സഞ്ജയ് സിംഗ്, കോൺഗ്രസിലെ ഇമ്രാൻ മസൂദ്, ഡിഎംകെയുടെ എ രാജ, ശിവസേനയുടെ അരവിന്ദ് സാവന്ത് (യുബിടി) എന്നിവർ പാർലമെന്ററി കമ്മിറ്റി യോഗം നടന്ന ഹാളിനു മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.
കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ്റെയും കർണാടക ന്യൂനപക്ഷ വികസന കോർപ്പറേഷൻ്റെയും മുൻ ചെയർമാനായ അൻവർ മണിപ്പാടി ആണ് പാർലമെന്ററി കമ്മിറ്റി യോഗത്തിൽ വഖഫ് ഭേദഗതി അവതരിപ്പിച്ചിരുന്നത്. കർണാടക സർക്കാരിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കുമെതിരെ അൻവർ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇത് കമ്മിറ്റിക്ക് അനുസൃതമല്ലെന്നും കുറ്റപ്പെടുത്തിക്കൊണ്ടാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധ പ്രകടനം നടത്തിയത്.
Discussion about this post