ന്യൂയോർക്ക് : 500 വർഷങ്ങൾ നീണ്ടുനിന്ന അന്വേഷണങ്ങൾക്കും ആകാംക്ഷയ്ക്കും ഒടുവിൽ അവസാനം. അമേരിക്കൻ വൻകര കണ്ടെത്തിയ ക്രിസ്റ്റഫർ കൊളംബസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊളംബസ് ജൂത വംശജൻ ആണെന്നാണ് പുതുതായി കണ്ടെത്തിയിട്ടുള്ളത്. ക്രിസ്റ്റഫർ കൊളംബസിന്റെ മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിൽ നിന്നുമാണ് അദ്ദേഹം ജൂത വംശജനായിരുന്നു എന്ന് കണ്ടെത്തിയത്.
സ്പെയിനിലെ സെവില്ല കത്രീഡലിൽ നിന്നുമാണ് ക്രിസ്റ്റഫർ കൊളംബസിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് കൊളംബസ് ജൂത വംശജൻ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ള സെഫാർഡിക് ജൂത വംശജൻ ആയിരുന്നു കൊളംബസ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
1506ലാണ് ക്രിസ്റ്റഫർ കൊളംബസ് മരണമടഞ്ഞത്. കൊളംബസ് ഇറ്റലിയിലെ ജനോവ സ്വദേശിയായ കത്തോലിക്കാ വിശ്വാസി ആണെന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. ഈ നിഗമനം തെറ്റാണെന്നാണ് പുതിയ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടുന്നത്. സ്പെയിനിലെ വലൻസിയ ആയിരിക്കാം അദ്ദേഹത്തിന്റെ സ്വദേശം എന്നാണ് ഗവേഷകരുടെ പുതിയ നിഗമനം. സ്പെയിനിലും പോർച്ചുഗലിലും ആയിട്ടായിരുന്നു കൊളംബസിന്റെ ജീവിതം. ആ കാലഘട്ടത്തിൽ സ്പെയിൻ രാജാവിൽ നിന്നുമുള്ള മതപീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി കൊളംബസിന്‍റെ ജൂതവ്യക്തിത്വം മറച്ചുവെച്ചത് ആയിരിക്കാം എന്നാണ് ഗവേഷകരുടെ നിഗമനം.
Discussion about this post