ന്യൂഡൽഹി : ഇന്ത്യൻ കോസ്റ്റ് ഗാർഡ് മേധാവിയായി അഡീഷണൽ ഡയറക്ടർ ജനറൽ എസ് പരമേഷിന് നിയമനം. കഴിഞ്ഞമാസം അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാലിന് പകരമായാണ് എസ് പരമേഷ് സ്ഥാനമേൽക്കുന്നത്. തിങ്കളാഴ്ചയാണ്
പരമേഷിനെ കോസ്റ്റ് ഗാർഡിന്റെ പുതിയ മേധാവിയായി കേന്ദ്ര സർക്കാർ നിയമിച്ചത് . ഒക്ടോബർ 15-ന് (ചൊവ്വാഴ്ച) അദ്ദേഹം തൻ്റെ പുതിയ ചുമതല ഏറ്റെടുക്കും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കോസ്റ്റ് ഗാർഡിന്റെ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് എസ് പരമേഷ്. നിലവിൽ
ന്യൂഡൽഹിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് അഡീഷണൽ ഡയറക്ടർ ജനറൽ ആയി സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ തത്രക്ഷക് മെഡൽ നേടിയിട്ടുള്ള സൈനികോദ്യോഗസ്ഥൻ കൂടിയാണ് എസ് പരമേഷ്.
ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജിലും വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലുമായാണ് എസ് പരമേഷ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹിയിലെ കോസ്റ്റ് ഗാർഡ് ഹെഡ്ക്വാർട്ടേഴ്സിലെ ഡി.ഡി ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ് ആൻഡ് കോസ്റ്റൽ സെക്യൂരിറ്റി), പ്രിൻസിപ്പൽ ഡയറക്ടർ (ഓപ്പറേഷൻസ്), ചെന്നൈയിലെ കോസ്റ്റ് ഗാർഡ് റീജിയണൽ ആസ്ഥാനത്ത് (ഈസ്റ്റ്) ചീഫ് സ്റ്റാഫ് ഓഫീസർ (ഓപ്പറേഷൻസ്) ഇനി സ്ഥാനങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post