കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുമധ്യത്തിൽ അപമാനിച്ചതിനെ തുടർന്ന് എ ഡി എം ആത്മഹത്യ ചെയ്ത കേസിൽ രൂക്ഷമായ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ജില്ലയിൽ പെട്രോൾ പമ്പ് അനുവദിക്കുന്നതിൽ എന്താണ് റോളെന്നും ആ കേസിൽ ഇടപെടാൻ അവർക്ക് എന്താണ് അധികാരമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരിമിതമായ അധികാരങ്ങൾ മാത്രമാണുള്ളത്. പെട്രോൾ പമ്പ് അനുവദിക്കുന്നതുമായിട്ടോ, അത് സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള ഇടപെടലിന് ഒരു സാധാരണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അധികാരം ഇല്ലെന്നും, അവർ ഒരു വൈസ്രോയിയോ മറ്റോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി നവീൻ ബാബുവിന്റെ കേസിൽ ഉന്നയിക്കപ്പെട്ട ആരോപണം ശരിയാണെങ്കിൽ തന്നെ, ഇതല്ല അതിനുള്ള നടപടി ക്രമങ്ങൾ. ഇത്തരത്തിലുള്ള അപമാനം കൊലപാതകത്തിന് തുല്യമാണെന്നും, അവർക്കെതിരെ കൊലപാതകത്തിന് കേസ് എടുക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ആന്തൂർ സാജൻ കേസിലെന്ന പോലെ എ ഡി എം നവീൻ ബാബുവിന്റെ കാര്യത്തിലും സി പി എം സൈബർ സഖാക്കൾ ഇനി നിറം പിടിപ്പിച്ച കഥകളുമായി വരുമെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെയും കുടുംബത്തിനും എതിരെ പല കഥകളും അടുത്ത ദിവസങ്ങളിൽ നമുക്ക് പ്രതീക്ഷിക്കാമെന്നും, ഇപ്പോൾ തന്നെ ഇടത് സൈബർ ഇടങ്ങളിൽ അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.








