ഇന്ത്യൻ സിനിമയിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് മോഹൻലാൽ- പ്രകാശ് രാജ് കോംബോയിൽ ഇറങ്ങിയ ഇരുവർ. ഒരു സംവിധായകനും ഒരു നടനുമെല്ലാം ആവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും കണ്ടു പഠിക്കാവുന്ന ഒരു പാഠപുസ്തകം തന്നെയാണ് മണിരത്‌നം സമ്മാനിച്ച ഇരുവർ എന്ന സിനിമ. മണിരത്‌നം എന്ന സംവിധായകനും മോഹൻലാൽ എന്ന നടനും അത്രമേൽ ശ്രദ്ധിക്കപ്പെട്ട ഇരുവർ ഒരു ബോക്‌സ് ഓഫീസ് ഹിറ്റൊന്നും ആയിരുന്നില്ലെങ്കിലും ഇന്നും സിനിമാ ലോകത്ത് ഒരു ഇതിഹാസമായി നിലകൊള്ളുന്നു.
ഇരുവർ എന്ന സിനിമയിലെ ഏറ്റവും ചർച്ചയായ സീനുകളിലൊന്നാണ് മോഹൻലാലിന്റെ ആനന്ദൻ എന്ന കഥാപാത്രത്തെ പ്രകാശ് രാജിന്റെ കഥാപാത്രം ടെറസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന രംഗം. ഈ രംഗം നടി സുഹാസിനിയുടെ യഥാർത്ഥ ജീവിതത്തിലെ ഒരു അനുഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണ്. സുഹാസിനി തന്നെയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
സുഹാസിനിയാണ് ഇരുവർ സിനിമക്ക് വേണ്ടി സംഭാഷണങ്ങൾ എഴുതിയത്. മണിരത്‌നത്തിന്റെ തിരക്കഥയിൽ ഇറങ്ങിയ ചിത്രം ഒരാളുെട മാത്രം കോൺട്രിബ്യൂഷനല്ലെന്ന് സുഹാസിനി പറയുന്നു. മണിരത്‌നത്തിന്റെ തിരക്കഥയിൽ ആർട്ടിസ്റ്റിന്റെ വൈരമുത്തുവിന്റെ എആർ റഹ്‌മാന്റെ തന്റെ തുടങ്ങി എല്ലാവരുടെയും കോൺട്രിബ്യൂഷൻ ഈ സിനിമയിലുണ്ടെന്നും സുഹാസിനി പറയുന്നു.
ഇരുവർ എന്ന സിനിമയിലെ നിഴൽകൾ രവിയുടെ കഥാപാത്രത്തെ പോലെയുള്ളവരെ തനിക്ക് നേരിട്ട് അറിയാമെന്നും സുഹാസിനി പറയുന്നു. അഭിനേതാക്കളുടെ കൂടെ വരുന്നവരെയൊക്കെ ഒറ്റ നോട്ടത്തിൽ കാണുമ്പോൾ സംരക്ഷകരായി നമുക്ക് തോന്നും. എന്നാൽ, അവരാണ് യഥാർത്ഥ വേട്ടക്കാർ. ഇങ്ങനെയുള്ള സംഭവങ്ങൾ താന നേരിട്ട് കണ്ടിട്ടുണ്ട്. തനിക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
‘തനിക്ക് പൊളിറ്റിക്‌സ് വേണ്ടെന്ന് പമോഹൻലാൽ പറയുമ്പോൾ, പ്രകാശ് രാജ് അദ്ദേഹത്തെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോയി അവിടെ കാത്തുനിന്നവരെ കാണിക്കുന്ന ഒരു സീനുണ്ട്. അത് എന്റെ ജീവിതത്തിൽ എനിക്കുണ്ടായ അനുഭവം തന്നെയാണ്. എനിക്കും നടൻ ചിരഞ്ജീവിക്കും ഇടയിൽ ഒരിക്കൽ നടന്ന കാര്യമാണ് അത്. ഒരിക്കൽ ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതിനിടെ, ഞാൻ ഒരു വലിയ സ്റ്റാറാണ്. ഇങ്ങനെ സംസാരിക്കരുത്. എനിക്ക് കുറച്ച് ബഹുമാനം നൽകണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങൾ സ്റ്റാറല്ല, എന്റെ സഹതാരം മാത്രമാണെന്ന് ഞാൻ മറുപടി പറഞ്ഞു. അന്ന് തിരുപ്പതിയിൽ 100 ദിവസത്തെ പരിപാടി നടക്കുകയായിരുന്നു. എന്റെ മറുപടി കേട്ട അദ്ദേഹം, എന്നെ ടെറസിലേക്ക് വിളിച്ചുകൊണ്ട് പോയി.
ആ ദേശത്തെ എല്ലാവരും അദ്ദേഹത്തെ കാണാൻ വേണ്ടി അന്നവിടെ ഉണ്ടായിരുന്നു. സ്റ്റാർ പവർ എന്ന് പറഞ്ഞാൽ എന്താണെന്ന് അന്നാണ് ഞാൻ മനസിലാക്കുന്നത്. ഈ രംഗം ഒരു സിനിമയിൽ കൊണ്ടുവരണമെന്ന് ഞാൻ അന്ന് തീരുമാനിച്ചിരുന്നു. പിന്നീട് ഇരുവർ എന്ന ചിത്രം സംഭവിച്ചപ്പോൾ മണി സാറിനോട് ഈ രംഗം സിനിമയിൽ കൊണ്ടുവരുമോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം അത് സമ്മതിക്കുകയും ഒരു സീനായി ചേർക്കുകയുമായിരുന്നുവെന്നും സുഹാസിനി കൂട്ടിച്ചേർത്തു.
Discussion about this post