കുട്ടികൾക്ക് വേണ്ടി ടാൽകം പൗഡർ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ജോൺസൺ ആൻഡ് ജോൺസൺ. 2021ൽ ഈ പൗഡർ ഉപയോഗിച്ച് ക്യാൻസർ ബാധിച്ചെന്ന പരാതിയുമായി ഒരു വ്യക്തി രംഗത്തെത്തിയിരുന്നു. ആ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ഇപ്പോൾ ഉത്തരവിട്ടിരിക്കുകയാണ് യുഎസ് കോടതി. 124 കോടി രൂപ നഷ്ടപരിഹാരമായി നൽകാനാണ് വിധി വന്നിരിക്കുന്നത്.
ജോൺസൺ ആൻഡ് ജോൺസൺ ടാൽകം പൗഡർ ഉപയോഗിച്ചതിനെത്തുടർന്ന് അർബുദമായ മെസോതെലിയോമ തനിക്ക് ബാധിച്ചുവെന്നായിരുന്നു പരാതിക്കാരൻറെ ആരോപണം. വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൻറെ ബേബി പൗഡർ ഉപയോഗിച്ച് വരുകയാണ്. ഇത് ശ്വസിച്ചാണ് തനിക്ക് അസുഖം വന്നതെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നൽക്കുക മാത്രമല്ല കമ്പനിയുടെ മേൽ ശിക്ഷാനടപടികൾ ചുമത്താനും കോടതി ശുപാർശ ചെയ്തിട്ടുണ്ട്.
ജോൺസൺ ആൻഡ് ജോൺസണെ ശിക്ഷിച്ചതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരൻറെ അഭിഭാഷകൻ പറഞ്ഞു. ശരീരത്തിന് ഹാനികരമായ ആസ്ബറ്റോസിൻറെ സാന്നിധ്യമാണ് മെസോതെലിയോമ എന്ന അർബുദത്തിന് കാരണമാകുന്നത്. ശ്വാസകോശത്തിൻറെയും മറ്റ് അവയവങ്ങളുടെയും പാളിയെ ബാധിക്കുന്ന തരത്തിലുള്ളതാണ് ഈ അർബുദം.
Discussion about this post