തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. സംഭവവുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെ കുറിച്ചുള്ള യാഥാർത്ഥ്യം പൊതുസമൂഹത്തെ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. തന്റെ ഭാഗത്ത് നിന്നും അഹങ്കാരമായിട്ടുള്ള സംസാരം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ബൈജു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ബൈജുവിന്റെ പ്രതികരണം.
ഞായറാഴ്ച നടന്ന ആക്സിഡന്റുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സോഷ്യൽ മീഡിയ വഴി പരക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട യഥാർത്ഥ സംഗതി എന്താണെന്ന് തന്റെ കൂടി ഉത്തരവാദിത്തമാണെന്നും ബൈജു പറയുന്നു. 65 കിലോമീറ്റർ സ്പീഡാണ് ഉണ്ടായിരുന്നത്. വെള്ളയമ്പലം ജംഗ്ക്ഷൻ എത്താറായപ്പോഴാണ് ഫ്രണ്ട് ടയർ പൊട്ടിയത്. തന്റെ കൈയിൽ നിന്നും വണ്ടിയുടെ കൺട്രോൾ പോയി. തിരിക്കാൻ നോക്കിയപ്പോൾ വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് സ്കൂട്ടറുകാരന്റെ ദേഹത്ത് തട്ടിയത്. അപ്പോൾ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി ചെറുപ്പക്കാരനോട് ആശുപത്രിയിൽ പോണോ എന്നൊക്കെ ചോദിച്ചു. എന്നാൽ, വേണ്ടെന്ന് അയാൾ പറഞ്ഞു. അയാൾക്ക് ഒടിവോ ചതവോ ഒന്നും ഇല്ലെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. പരാതി ഒന്നുില്ലെന്ന് അയാൾ പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ടെന്നും ബൈജു വ്യക്തമാക്കി.
പോലീസുകാർ ഒരു തരത്തിലും തന്നെ സഹായിച്ചിട്ടില്ലെന്നും ബൈജു പറഞ്ഞു. ‘എന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റിന് അവർ കേസെടുത്തിട്ടുണ്ട്. ഞാൻ അടിച്ചു പൂസായി, മദ്യപിച്ച് മദോന്മത്തനായിരുന്നു എന്നൊക്കെയുള്ള ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ വരും. പൊടിപ്പും തൊങ്ങലുമൊക്കെ ഉണ്ടെങ്കിലല്ലേ ആളുകൾ വാർത്ത വായിക്കുകയുള്ളൂ.. ഒരു ചാനലുകാരന്റെയടുത്ത് ചൂടാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഹോസ്പിറ്റലിൽ പോയി തിരിച്ചു വന്നിട്ട് വണ്ടി സ്റ്റേഷനിൽ കൊണ്ട് ഇടണമായിരുന്നു. ടയറ പൊട്ടിയതുകൊണ്ട് അത് മാറ്റി ഇട്ടിട്ട് വേണമായിരുന്നു വണ്ടി പോലീസ് സ്റ്റേഷനിൽ കൊണ്ട് ചെന്നിടാൻ. അപ്പോഴാണ് ഒരാൾ വീഡിയോ എടുക്കുന്നത് കണ്ടത്. ഇരുട്ടായതു കൊണ്ട് ആരാണ് വീഡിയോ എടുക്കുന്നതെന്ന് കണ്ടില്ല. വഴിയേ പോകുന്ന ആരോ ആണെന്ന് വിചാരിച്ചാണ് ചൂടായത്.
ഇവിടുത്തെ എല്ലാ നിയമങ്ങളും എല്ലാരെപോലെയും അനുസരിക്കാൻ ഞാനും ബാദ്ധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്ന ആളുമല്ല ഞാൻ.അതുപോലെ എന്നോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു, പെൺകുട്ടി ഉണ്ടായിരുന്നു എന്നൊക്കെയുള്ള വാർത്തകൾ ഇതിന്റെ കൂടെ വന്നിട്ടുണ്ട്. അത് മറ്റാരുമല്ല, എന്റെ സ്വന്തം വല്യമ്മയുടെ മകളുടെ മകളാണ് എന്നോടൊപ്പം ഉണ്ടായിരുന്നത്. എന്റെ മകളുടെ അതേ പ്രായം തന്നെയുള്ളൂ അവൾക്കും. കൂടാതെ, യുകെയിൽ നിന്ന് വന്ന എന്റെ ഫ്രണ്ട് ജോമിയും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു’- ബൈജു പറഞ്ഞു.
Discussion about this post