പല വസ്തുക്കളോടും വൈകാരികമായി അടുപ്പം സൂക്ഷിക്കുന്നവരുണ്ട് ചിലപ്പോള്‍ അത് അവരുടെ പ്രിയപ്പെട്ടവര്‍ നല്‍കിയതോ അവര്‍ ഉപയോഗിച്ചിരുന്നതോ ഒക്കെ ആയിരിക്കും. അവ നഷ്ടപ്പെട്ടുപോയാല്‍ തിരികെ ലഭിക്കുന്നതിനായി ഏതറ്റം വരെ പോകാനും ഇത്തരത്തിലുള്ളവര്‍ തയ്യാറാണ്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവകഥയാണ് പൂനൈയില്‍ നിന്ന് വരുന്നത്.
നഷ്ടപ്പെട്ട തന്റെ സ്‌കൂട്ടര്‍ തിരിച്ചു നല്‍കിയാല്‍ പുതിയ സ്‌കൂട്ടര്‍ വാങ്ങിത്തരാമെന്ന് മോഷ്ടാവിന് വാഗ്ദാനം നല്‍കിയിരിക്കുകയാണ് ഒരു യുവാവ്. അഭയ് ചൗഗ്ലെ എന്ന യുവാവാണ് ദസറ ആഘോഷത്തിനിടെ വീട്ടില്‍ നിന്നും മോഷണം പോയ സ്‌കൂട്ടര്‍ തിരിച്ചുകിട്ടാന്‍ ഈ ഓഫര്‍ വച്ചത്.അഭയുടെ ഈ ഓഫറിനു പിന്നില്‍ വൈകാരികമായ കാരണങ്ങളുമുണ്ട്. അത്രയും പ്രിയപ്പെട്ടതാണ് അഭയ്ക്ക് ആ സ്‌കൂട്ടര്‍.
തന്റെ അമ്മയുടെ ഓര്‍മയാണ് ആ സ്‌കൂട്ടര്‍. സ്വത്തെല്ലാം സ്വരുക്കൂട്ടി അമ്മ വാങ്ങിയ പ്രിയപ്പെട്ട വാഹനം. അത്രയും കരുതലോടെയും സ്‌നേഹത്തോടെയുമാണ് ആ വണ്ടി കുടുംബം കൊണ്ടുനടന്നത്. എന്നാല്‍ അഭയ്യുടെ അമ്മ ഇപ്പോള്‍ ഒപ്പമില്ല. ആ വേദനയില്‍ ജീവിക്കുന്നതിനിടെയാണ് അമ്മയുടെ പ്രിയവാഹനവും നഷ്ടമാകുന്നത്.
‘കാന്‍സര്‍ മൂലം മൂന്നുമാസം മുന്‍പ് മരിച്ച അമ്മയുടെ സ്‌നേഹത്തിന്റേയും കരുതലിന്റേയും പ്രതീകം. ദയവായി ആ സ്‌കൂട്ടര്‍ തിരികെ തന്ന് പുത്തന്‍ സ്‌കൂട്ടറുമായി പോവുക’എന്നാണ് അഭയ് അപേക്ഷിക്കുന്നത്. ഹിന്ദിയില്‍ എഴുതിയ ബോര്‍ഡ് പിടിച്ചുനില്‍ക്കുന്ന അഭയ്ക്ക് പിന്തുണയുമായി നിരവധിയാളുകള്‍ എത്തുന്നുണ്ട്. കറുത്ത നിറത്തിലുള്ള ആക്ടീവയാണ് അഭയ്ക്ക് നഷ്ടമായത്. വണ്ടിയുടെ നമ്പറും അജയ്യുടെ ഫോണ്‍ നമ്പറും ബോര്‍ഡിലുണ്ട്.
Discussion about this post