ന്യൂഡൽഹി : പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിന് ജാമ്യം അനുവദിച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതി. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ഭോപ്പാൽ പോലീസ് സ്റ്റേഷനിൽ 21 തവണ ദേശീയ പതാകയെ സല്യൂട്ട് ചെയ്യാനും മാസത്തിൽ രണ്ട് തവണ ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിക്കാനും കോടതി നിർദേശിച്ചു .
മെയ് മാസത്തിലാണ് പ്രതിയായ ഫൈസാനെ പോലീസ് അറസ്റ്റ് ചെയതത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 153 ബി പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് പുറമേ പ്രതിയുടെ പ്രവർത്തനങ്ങൾ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചു എന്നുമാണ് കേസ്.
ഫൈസാന്റെ പ്രവർത്തനങ്ങൾ ഭിന്നതയെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഇന്ത്യയെ അപലപിച്ചുകൊണ്ട് ഫൈസാൻ പാകിസ്താനെ പിന്തുണച്ച് പരസ്യമായി മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചു.
ഫൈസാൻ വിചാരണ അവസാനിക്കുന്നത് വരെ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ മിസ്രോഡ് പോലീസ് സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ഈ വേളയിൽ 21 തവണ ദേശീയ പതാകയെ സല്യൂട്ട് ചെയ്യുകയും രണ്ടുതവണ ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിക്കുകയും വേണം. ജനിച്ചു വളർന്ന രാജ്യത്തോട് കൂടുതൽ അഭിമാനം തോന്നാൻ വേണ്ടിയാണ് ഈ വ്യവസ്ഥകൾ മുന്നോട്ട് വെച്ചത് എന്ന് കോടതി പറഞ്ഞു.
Discussion about this post