ന്യൂഡൽഹി : ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തിലെ പ്രശ്നങ്ങൾ ആശങ്കയിലാഴ്ത്തിയിരിക്കുന്ന ഒരു പ്രധാന വിഭാഗമാണ് ഇന്ത്യയിൽ നിക്ഷേപം നടത്തിയിരിക്കുന്ന കനേഡിയൻ നിക്ഷേപകർ. 600 ഓളം കനേഡിയൻ കമ്പനികൾ ആണ് ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വ്യാപാര രംഗത്തെ എങ്ങനെ ബാധിക്കും എന്നാണ് ഇപ്പോൾ നിക്ഷേപകർ ഉറ്റുനോക്കുന്നത്.
എന്നാൽ നയതന്ത്ര ബന്ധം വഷളാകുന്നത് രാജ്യങ്ങളുടെ വ്യാപാര ബന്ധത്തെ ബാധിക്കാനിടയില്ല എന്നാണ് വിദഗ്ധർ ഇക്കാര്യത്തിൽ അഭിപ്രായപ്പെടുന്നത്. ഇന്ത്യയ്ക്ക് നിലവിലെ കനേഡിയൻ സർക്കാരിന്റെ നയങ്ങളോട് മാത്രമാണ് പ്രശ്നമുള്ളത് എന്നുള്ളതിനാൽ ഇന്ത്യയിലുള്ള നിക്ഷേപകരെ അത് യാതൊരു വിധത്തിലും സ്വാധീനിക്കില്ല എന്നാണ് വിദഗ്ധാഭിപ്രായം. കൂടാതെ ഇന്ത്യയിലുള്ള മിക്ക കനേഡിയൻ കമ്പനികളും ഐടി, ധനകാര്യം എന്നീ മേഖലകളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഇവർക്ക് യാതൊരു ആശങ്കയും വേണ്ട എന്നാണ് വിദേശകാര്യമന്ത്രാലയ വക്താക്കൾ വ്യക്തമാക്കുന്നത്.
നിക്ഷേപങ്ങളെ കൂടാതെ ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാരവും താരതമ്യേന കുറവാണ്. അതിനാൽ തന്നെ വ്യാപാര രംഗത്തും കാര്യമായ പ്രതിസന്ധി ഉണ്ടാകില്ല. നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രതിവർഷം 800 കോടി ഡോളർ മാത്രമാണ്. അതിനാൽ തന്നെ വ്യാപാരബന്ധം ഇന്ത്യയെ സംബന്ധിച്ച് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നതല്ല. കൂടാതെ ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്തിയിട്ടുള്ള കനേഡിയൻ കമ്പനികളും ഇന്ത്യയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന സൂചനയാണ് നൽകുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി തുടരുന്ന നയതന്ത്രപ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ കനേഡിയൻ നിക്ഷേപങ്ങളിൽ വളർച്ച ആണുള്ളത്. 2024 സെപ്തംബർ വരെ ഇന്ത്യൻ ഓഹരികളിലെ കനേഡിയൻ നിക്ഷേപങ്ങൾ രണ്ടു ലക്ഷം കോടി രൂപയിലേറെയാണ്. ഇന്ത്യൻ വിപണി തങ്ങൾക്ക് അനുകൂലമായിരിക്കുന്നിടത്തോളം കാലം ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രശ്നങ്ങൾ തങ്ങളെ ബാധിക്കില്ല എന്നാണ് കനേഡിയൻ നിക്ഷേപകർ വ്യക്തമാക്കുന്നത്.
Discussion about this post