മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. സാമ്പാറിനൊപ്പം ഇഡ്ഡലി കൂട്ടിക്കുഴച്ച് തിന്നുന്നത് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. വീട്ടമ്മമാരുടെ എളുപ്പ ഭക്ഷണം കൂടിയാണ് ഇഡ്ഡലി എന്ന് വേണമെങ്കിൽ പറയാം. സമയം തീരെയില്ലാത്ത നേരങ്ങളിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഭക്ഷണം ആണ് ഇഡ്ഡലി.
ശരീരത്തിന് ഇഡ്ഡലി വളരെ നല്ലതാണെന്നാണ് പൊതുവെ പറയാറുള്ളത്. അതുകൊണ്ട് തന്നെ ചെറിയ കുട്ടികൾക്ക് ഉൾപ്പെടെ ഇഡ്ഡലി കൊടുക്കാറുണ്ട്. ആവിയിൽ പുഴുങ്ങിയെടുക്കുന്ന ഭക്ഷണം ആണ് ഇഡ്ഡലി. ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.
ഇഡ്ഡലിയെ വളരെയധികം സ്‌നേഹിക്കുന്ന ഇഡ്ഡലി പ്രേമികൾ നമുക്ക് ചുറ്റും ഉണ്ടാകും. ബ്രേക്ക് ഫാസ്റ്റായി ഇഡ്ഡലി കഴിച്ചാണ് ഇവർ ഒരു ദിവസം ആരംഭിക്കുന്നത്. എന്നാൽ ഇങ്ങനെ ദിവസവും ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?. എല്ലാ ദിവസവും ഇഡ്ഡലി കഴിക്കുന്നത് യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതുമാത്രമല്ല ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്നും പറയുന്നു.
9 മണിക്കൂറോളം നേരം മാവ് പുളിപ്പിച്ച ശേഷമാണ് നാം ഇഡ്ഡലി ഉണ്ടാക്കാറുള്ളത്. ഈ പ്രക്രിയ ഇഡ്ഡലി മാവിൽ കൂടുതൽ പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും രൂപം കൊള്ളുന്നതിന്ഇടയാക്കും. അതുകൊണ്ട് തന്നെ അസുഖബാധിതരാകുന്ന സമയങ്ങളിൽ ഇഡ്ഡലി കഴിക്കുന്നത് വളരെ നല്ലതാണ്.
ഫൈബറിനാൽ സമ്പുഷ്ടമാണ് ഇഡ്ഡലി. അതിനാൽ ദഹന പ്രക്രിയ എളുപ്പം ആക്കുന്നു. അസിഡിറ്റി ഉള്ളവർക്ക് ഇഡ്ഡലി നിത്യവും കഴിക്കാം. വയറിന്റെ ആരോഗ്യത്തിനായി കഴിക്കാവുന്ന മികച്ച ഭക്ഷണമാണ് ഇത്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇഡ്ഡലി ശീലമാക്കാം.
Discussion about this post