ഡല്‍ഹി: ജെ.എന്‍.യു. വിവാദത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി. തീരുമാനം. ജെ.എന്‍.യുവിലെ സംഭവങ്ങളെ ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്നമായി അവതരിപ്പിച്ച് പ്രതിപക്ഷ പ്രചാരണത്തെ ശക്തമായി നേരിടാനുമാണ് പാര്‍ട്ടി തന്ത്രം മെനയുന്നത്.
ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ മൂന്നുദിവസം പാര്‍ട്ടി രാജ്യവ്യാപകമായി ജനങ്ങളുടെ ആത്മാഭിമാനത്തിനായുള്ള പ്രചാരണം(ജന്‍ സ്വാഭിമാന്‍ അഭിയാന്) എന്ന പേരില്‍ പ്രചാരണം നടത്തും. ജെ.എന്‍.യു. വിവാദത്തെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ വെല്ലുവിളിയായി ചിത്രീകരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഇത്തരമൊരു നീക്കത്തിലൂടെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെ ഈ വിഷയത്തില്‍ പ്രതിരോധത്തിലാക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി കരുതുന്നു.
ജെ.എന്‍.യു. കാമ്പസില്‍ രാജ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന പ്രചാരണമായിരിക്കും പാര്‍ട്ടി വരുംദിനങ്ങളില്‍ നടത്തുക. സിയാച്ചിനിലും മറ്റും ഇന്ത്യന്‍ സൈനികര്‍ ജീവത്യാഗം ചെയ്യുമ്പോള്‍ രാജ്യവിരുദ്ധശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നുവെന്ന രീതിയിലുള്ള പ്രചാരണമായിരിക്കും ബി.ജെ.പി നടത്തുക.
ജെ.എന്‍.യു. വിവാദത്തിന് പുറമേ ലഷ്കര്‍ തീവ്രവാദിയും പാക്കിസ്ഥാന്- അമേരിക്കന്‍ വംശജനുമായ ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ വെളിപ്പെടുത്തലുകളും പാര്‍ട്ടി പ്രചാരണ ആയുധമാക്കും.മുന്‍ കാലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുന്‍നിര്‍ത്തി തിരിച്ചടിക്കാന്‍ ഹെഡ്ലിയുടെ മൊഴി ഉപയോഗിക്കുമെന്നാണ് ബി.ജെ.പി. വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലും ജെ.എന്‍.യു. വിഷയത്തില്‍ ശക്തമായ നിലപാട് പാര്‍ട്ടി സ്വീകരിക്കും. ഇക്കാര്യത്തില്‍ പ്രതിരോധത്തിലേക്ക് പോകേണ്ട കാര്യമില്ലെന്ന് ഉന്നത പാര്‍ട്ടി നേതാക്കളുടെ നിലപാട്.
Discussion about this post