പത്തനംതിട്ട: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ടെലഗ്രാം അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്ന് ടെലഗ്രാം മേധാവി പാവേല്‍ നാളുകള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് വെറും പാഴ്വാക്കായി മാറുകയാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആക്ഷേപം. കമ്പനിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ലഭിക്കാത്തതിനാല്‍ ടെലഗ്രാം ആപ്ലിക്കേഷന്‍ വഴി വ്യാജസിനിമകള്‍ ഇറക്കുന്നവരെ കുടുക്കാന്‍ പോലീസിനാകുന്നില്ല. ഇപ്പോഴും ടെലഗ്രാമിന്റെ രീതികള്‍ പഴയപടി തന്നെയാണെന്നാണ് സൈബര്‍ പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
സിനിമകളുടെ വ്യാജപ്പതിപ്പുകള്‍ ടെലഗ്രാം വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ടെലഗ്രാം പ്രൈവസി പോളിസി കാരണം വ്യക്തികളുടെ വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നില്ല. സോഫ്റ്റ്വേയര്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ബോട്ട് അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്ന ചാനലുകള്‍ വഴിയാണ് ടെലഗ്രാമില്‍ സിനിമകള്‍ പ്രചരിക്കുന്നത്. ടെലഗ്രാം പോളിസിപ്രകാരം ഇത് സൃഷ്ടിച്ചയാളുടെ വിവരങ്ങള്‍ പുറത്തറിയിക്കില്ല.
വളരെ ചുരുക്കം കേസുകളില്‍ മാത്രമാണ് ടെലഗ്രാമിന്റെ ഭാഗത്തുനിന്നു സഹായങ്ങള്‍ ലഭിച്ചിട്ടുള്ളതെന്നും ബന്ധപ്പെട്ട വിഭാഗത്തില്‍നിന്നുള്ളവര്‍ പറയുന്നു. വ്യാജ ഐ.പി. അഡ്രസുകള്‍ ഉപയോഗിച്ചായിരിക്കും ഇത്തരക്കാരുടെ പ്രവര്‍ത്തനം എന്നതിനാല്‍ ആ രീതിയിലും കുറ്റക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ടെലഗ്രാമിന്റെ സഹകരണംകൂടി ഉണ്ടെങ്കിലെ ഇത്തരക്കാരെ വേഗം കണ്ടെത്താന്‍ സാധിക്കൂ.
തമിഴ് റോക്കേഴ്‌സ് പോലെയുള്ള വെബ്‌സൈറ്റുകളില്‍നിന്നു സിനിമ ഡൗണ്‍ലോഡുചെയ്യാന്‍ അത്ര എളുപ്പമല്ല. ടെലഗ്രാം സെര്‍ച്ച് ബാറില്‍ മൂവി ഗ്രൂപ്പ് പേരുകള്‍ തിരഞ്ഞ് കണ്ടുപിടിക്കാന്‍ എളുപ്പമാണ്.
Discussion about this post