101 വയസ്സ് തികയുന്ന വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് ജി സുധാകരൻ. വിഎസ് ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നുള്ളതിൽ അഭിമാനമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. 54 വർഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. വിഎസിന് പകരം വിഎസ് മാത്രമേയുള്ളൂ എന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ജി സുധാകരൻ വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്നത്. വിഎസിനെ കുറിച്ചുള്ള നിരവധി ഓർമ്മകൾ അദ്ദേഹം ഈ പോസ്റ്റിൽ പങ്കുവെച്ചു.
ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
വിഎസിന് 101 വയസ്സ് തികയുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം ജീവിച്ചിരിക്കാൻ കഴിയുന്നു എന്നുള്ളത് അഭിമാനകരമായ ഒരു കാര്യമാണ്.
കഴിഞ്ഞ 54 വർഷങ്ങളായി അദ്ദേഹത്തോടൊപ്പം പല നിലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനത്തിന് മാറ്റുകൂട്ടുന്നു.
പാർട്ടി സംഘാടകനായും എം എൽ എ ആയും മന്ത്രിയായും അയൽപക്കക്കാരനായും പാർട്ടിയുടെ സമുന്നത ദേശീയ നേതാവിന് കീഴിലായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് അപൂർവ്വ ഭാഗ്യമാണ്.
വി എസിന് പകരം വി എസ് മാത്രമേയുള്ളൂ.
ഒരു നൂറ്റാണ്ട് കഴിഞ്ഞ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആയിരക്കണക്കിന് നേതാക്കന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ദേശീയതലത്തിൽ പ്രതിഷ്ഠിക്കപ്പെട്ട നേതാക്കളാണ് സഖാക്കളായ സുന്ദരയ്യ, ബസുവപുന്നയ, രാജേശ്വരറാവു, ബി ടി ആർ, ജ്യോതിബാസു, സൂർജിത്ത്, ഇ എം എസ്, എ കെ ജി തുടങ്ങിയിട്ടുള്ളവർ. ആ പട്ടികയിലാണ് വി എസിന്റെ സ്ഥാനം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീവിച്ചിരിക്കുന്ന മഹാനായ ദേശീയ നേതാവാണ് അദ്ദേഹം.
1964 ൽ പാർട്ടി പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ വിഭജിക്കപ്പെടുന്ന കാലത്ത് ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങിവന്ന് സി പി എം രൂപീകരിച്ച 32 പേരിൽ ഒന്ന് വിഎസ് ആയിരുന്നു. അന്ന് തന്നെ അദ്ദേഹം ദേശീയ കൗൺസിൽ അംഗമായ ദേശീയ നേതാവായിരുന്നു.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. പോളിറ്റ് ബ്യൂറോ മെമ്പറായി, പ്രതിപക്ഷ നേതാവായി, എം എൽ എയായി, മുഖ്യമന്ത്രിയായി, ഭരണ പരിഷ്‌കാരകമ്മിഷൻ ചെയർമാനായി പ്രവർത്തിച്ചു.
ഒരു തയ്യൽ തൊഴിലാളിയായും കയർ ഫാക്ടറി തൊഴിലാളിയായും പ്രവർത്തിച്ച് മത്സ്യത്തൊഴിലാളികളേയും കർഷക തൊഴിലാളികളേയും കയർ തൊഴിലാളികളേയുമൊക്കെ സംഘടിപ്പിച്ച് അദ്ദേഹം പോരാട്ടത്തിലൂടെ സഹനത്തിലൂടെ ജയിൽവാസത്തിലൂടെ മർദ്ദനങ്ങളിലൂടെ ധീരമായിട്ടുള്ള പ്രസംഗ ചാതുരിയോട് കൂടി ജനഹൃദയങ്ങളെ ആകർഷിച്ചുകൊണ്ടാണ് ദേശീയ നിലവാരത്തിൽ വളർന്നത്.
അദ്ദേഹം നമ്മളോടൊപ്പം ഇന്നും ജീവിച്ചിരിക്കുന്നു എന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്.
പാർട്ടിയുടെ വർഗീയ വിരുദ്ധ നിലപാടുകൾക്ക് ഏറ്റവും ശക്തി പകർന്ന ആളാണ്. എം വി രാഘവന്റെ ബദൽ രേഖാ സമ്പ്രദായത്തെ പരാജയപ്പെടുത്തിക്കൊണ്ട് 1984 ലെ എറണാകുളം സി പി എം സംസ്ഥാന സമ്മേളനത്തിൽ വി എസ് അവിടെയുണ്ടായിരുന്ന പ്രതിനിധികളുടെ അംഗീകാരം വാങ്ങി. രാഘവന്റെ ബദൽ രേഖാ സംവിധാനം തള്ളിക്കളഞ്ഞ് പാർട്ടി വർഗീയ വിരുദ്ധ മതനിരപേക്ഷ നിലപാടിൽ ഉറച്ചുനിന്ന് അതിനടിത്തറ സുഭദ്രമാക്കി. ആ അടിത്തറയിലാണ് ഇന്നും സി പി എം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ക്രാന്തദർശിയായ തൊഴിലാളി നേതാവായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ഇന്നലകളെയും ഇന്നിനെയും മാത്രമല്ല ഭാവിയെയും ലക്ഷ്യമാക്കിയാണ് അദ്ദേഹം പാർട്ടി പ്രവർത്തനം നടത്തിയത്.
അദ്ദേഹത്തിന്റെ പരിലാളനമേറ്റ് വിദ്യാർത്ഥി ജീവിതം മുതൽ വളരാൻ കഴിഞ്ഞ, 1970 മുതൽ 54 വർഷത്തെ അടുപ്പമുള്ള, ഇന്നും പുന്നപ്രയിൽ താമസിക്കുന്ന എനിക്ക് സവിശേഷമായ ആദരാഭിമാനങ്ങളോടെ അദ്ദേഹത്തെ ഓർക്കാൻ കഴിയുന്നു.
വി എസിന് ജന്മദിനാശംസകൾ….
വി എസിന്റെ കുടുംബത്തിനും ആശംസകൾ…..
അദ്ദേഹത്തിന്റെ കരുത്തുറ്റ സഹധർമ്മിണി വസുമതി സിസ്റ്റർക്കും മകൻ അരുണിനും മകൾ ആശക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാവിധ ആശംസകൾ ……
Discussion about this post