കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുമധ്യത്തിൽ അപമാനിച്ചതിനെ തുടർന്ന് കണ്ണൂർ എ ഡി എം ആത്മഹത്യ ചെയ്ത കേസിൽ ഇന്ന് നിർണ്ണായക ദിനം. പി പി ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജ്ജിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ നൽകിയ ജാമ്യ ഹർജ്ജിയിൽ കോടതി ഇന്ന് തീരുമാനമെടുക്കും . കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയല്ലാതെ പൊലീസിന് വേറെ വഴിയില്ല. നിലവിൽ പി പി ദിവ്യയുടെ കേസിൽ മെല്ലെപോക്ക് നയം ആണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.
അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. അതേസമയം എ ഡി എമ്മിനെ കുറിച്ച് കൂടുതൽ പരാതി കൂട്ടിച്ചേർക്കുവാനും പി പി ദിവ്യ ശ്രമിച്ചിട്ടുണ്ട്. സമാനമായ കേസിൽ ഗംഗാധരൻ എന്നൊരാളും എ ഡി എമ്മിനെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് ആരോപിച്ചു കൊണ്ട് മരണപെട്ടയാളെ കൂടുതൽ സ്വഭാവ ഹത്യ ചെയ്യുവാനും പി പി ദിവ്യ ശ്രമിച്ചുവെന്ന ആരോപണം ഉണ്ട്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ദിവ്യയുടെ ആരോപണങ്ങൾ പൊളിഞ്ഞു വീഴുന്ന കാഴ്ചകളാണ് കണ്ടത്. ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ തന്നെ വ്യക്തമാക്കി. അഴിമതി ആരോപണം എ ഡി എമ്മിനെതിരെ നടത്തിയിട്ടില്ലെന് ദിവ്യ തന്നെ സൂചിപ്പിച്ച ഗംഗാധരൻ എന്ന വ്യക്തിയും മാധ്യമങ്ങളോട് പറഞ്ഞു. എ ഡി എം ഫയൽ വൈകിപ്പിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
കൂടാതെ പമ്പ് കേസിൽ സി പി ഐ ഇടപെട്ടതാണ് ദിവ്യയെ പ്രകോപിപ്പിച്ചതെന്ന പമ്പ് ഉടമ പ്രശാന്തന്റെ മൊഴിയും പുറത്ത് വന്നതോടെ ദിവ്യയുടെ വാദങ്ങളെല്ലാം ദുർബലമായിരിക്കുകയാണ്. കൂടാതെ മരണപ്പെട്ടത് അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടെ ആയ സ്ഥിതിക്ക് മുൻകൂർ ജാമ്യം അല്പം ബുദ്ധിമുട്ടായിരിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ വരുന്നത്. മാത്രമല്ല സമാനമായ മറ്റൊരു ആത്മഹത്യാ പ്രേരണ കേസും പി പി ദിവ്യക്കെതിരെ ഉള്ളതും തിരിച്ചടിയായേക്കും.
Discussion about this post