കോഴിക്കോട്: വളരെ സുരക്ഷിതമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സാഹസിക യാത്രകള്‍ നടത്തുന്ന ബൈക്ക് റൈഡര്‍മാര്‍ക്കു പോലും തെറ്റു പറ്റുന്ന ഒരു സാഹചര്യമുണ്ട്. ആ ഒരു നിമിഷത്തെ അശ്രദ്ധ മൂലം ഒന്നിലേറെ വിരലുകളാണ് പലര്‍ക്കും നഷ്ടപ്പെട്ടിട്ടുള്ളത്. ഒന്നരവര്‍ഷത്തിനിടെ ഒരു ആശുപത്രിയില്‍മാത്രം ചികിത്സതേടിയത് 51 പേരാണ്.
ഇവര്‍ക്കൊന്നും വിരലുകള്‍ നഷ്ടപ്പെട്ടത് വാഹനം ഓടിക്കുമ്പോഴുണ്ടായ അപകടംമൂലമല്ല. മറിച്ച്, അത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ചെയിന്‍ അശാസ്ത്രീയമായി ശുചീകരിക്കുമ്പോഴാണ്. ഇതുമൂലം നാലു വിരലുകള്‍വരെ ഒന്നിച്ച് അറ്റുപോയവര്‍വരെയുണ്ട് പ്‌ളാസ്റ്റിക് സര്‍ജറി ശസ്ത്രക്രിയക്ക് വിധേയമായവരില്‍.
ഗ്രീസിങ് നടത്താനും അമിതഗ്രീസ് ഒഴിവാക്കാനുമായി വളരെ എഫക്ടീവായ ഉപകരണങ്ങള്‍ വിപണിയില്‍ ഉണ്ടെന്നിരിക്കേയാണ് അശാസ്ത്രീയരീതി ചിലര്‍ തുടരുന്നത്. വിരലില്‍ ഗ്രീസ് എടുത്ത് ചെയിനില്‍ നേരിട്ട് പുരട്ടും.അതുതന്നെ വേഗത്തിലാക്കുന്നതിന് ബൈക്ക് സ്റ്റാര്‍ട്ടാക്കി സ്റ്റാന്‍ഡിലിട്ട് ആക്‌സിലേറ്റര്‍ കൊടുക്കും.ഇതിനിടെ അബദ്ധത്തില്‍ വിരല്‍തെന്നി ചെയിന്‍ സ്പ്രോക്കെറ്റില്‍ കുടുങ്ങിയാണ് അറ്റുപോകുന്നത്.
2023 ഏപ്രില്‍ മുതല്‍ ഈ മാസംവരെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മാത്രം 51 വിരല്‍ പുനഃസ്ഥാപിക്കല്‍ ശസ്ത്രക്രിയകള്‍ നടന്നു. ഇത് മുഴുവനും ബൈക്ക് ചെയിനില്‍ വിരല്‍ കുടുങ്ങി അറ്റുപോയവ രുടേതാണെന്ന് പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം മേധാവി ഡോ. കെ.എസ്. കൃഷ്ണകുമാര്‍ പറയുന്നു.
Discussion about this post