എങ്ങനെയാണ് ഭൂമിയില്‍ ജീവനുണ്ടായത് എന്നതിനെക്കുറിച്ച് ഹാര്‍വാഡ് സര്‍വകലാശാല നടത്തിയ പുതിയൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. 3.26 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് പടുകൂറ്റന്‍ ഉല്‍ക്കാശില ഭൂമിയില്‍ പതിച്ചെന്നും ഭൂമിയില്‍ ജീവന്റെ നാമ്പുമുളയ്ക്കാന്‍ ഈ ഉല്‍ക്കാപതനത്തിന് നിര്‍ണായക പങ്കുണ്ടെന്നുമാണ് കണ്ടെത്തല്‍.
ആദിമ ഭൂമിയിലുണ്ടായിരുന്ന സൂക്ഷ്മാണുക്കളെ സഹായിച്ച പടുകൂറ്റന്‍ ‘ഫെര്‍ട്ടിലൈസര്‍ ബോംബ്’ എന്നാണ് ഈ ഉല്‍ക്കാപതനത്തെ ഗവേഷകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ദിനോസറുകള്‍ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകാന്‍ കാരണമായ ഉല്‍ക്കാശിലയേക്കാള്‍ 50 മുതല്‍ 200 മടങ്ങുവരെ വലിപ്പമുള്ളതാണ് ഇത്. പാലിയോച്ചീന്‍ യുഗത്തിലാണ് ഇത് നടന്നത്. ആ സമയത്ത് ഭൂമി വെള്ളത്താല്‍ മൂടപ്പെട്ടിരുന്നു. അന്തരീക്ഷത്തിലോ സമുദ്രങ്ങളിലോ ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥയിലുമായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ബാര്‍ബര്‍ട്ടണ്‍ ഗ്രീന്‍സ്റ്റോണ്‍ ബെല്‍റ്റിലെ പുരാതന പാറകളില്‍ ഉല്‍ക്കാശില സൃഷ്ടിച്ച ആഘാതം പാറയെ ബാഷ്പീകരിക്കുകയും ഒരു ആഗോള പൊടിപടലം സൃഷ്ടിക്കുകയും വലിയ സുനാമികള്‍ക്ക് കാരണമാവുകയും സമുദ്രങ്ങളുടെ മുകളിലെ പാളികള്‍ തിളപ്പിക്കുകയും ചെയ്തു. അതോടെ സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്കാവശ്യമായ നിര്‍ണായക പോഷകമായ ഫോസ്ഫറസ് വലിയതോതില്‍ ഉണ്ടായി. ഇതിനൊപ്പം സുനാമികള്‍ ധാരാളം ഇരുമ്പിന്റെ അംശമുള്ള ജലം ആഴം കുറഞ്ഞ ഭാഗത്തെ ജലവുമായി കലര്‍ത്തി സൂക്ഷ്മാണുക്കള്‍ക്ക് വളരാനാവശ്യമായ സാഹചര്യം സൃഷ്ടിച്ചു.
എല്ലാ വലിയ ഉല്‍ക്കാശില ആഘാതങ്ങളും സാര്‍വത്രികമായി ജീവന് വിനാശകരമാണെന്ന ധാരണയെ വെല്ലുവിളിക്കുന്നതാണ് പഠനത്തിന്റെ കണ്ടെത്തലുകളെന്നാണ് വിലയിരുത്തല്‍.
Discussion about this post