ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികവുമായി ബന്ധപ്പെട്ട ചർച്ചകൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര. മുഹമ്മദലി ജിന്നയുടെ നിർദ്ദേശപ്രകാരം ജവഹർലാൽ നെഹ്‌റു വന്ദേമാതരം വെട്ടിത്തിരുത്തിയതിനെ പ്രധാനമന്ത്രി മോദി വിമർശിച്ചതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇപ്പോൾ വന്ദേമാതരത്തിൽ ഒരു ചർച്ച നടത്തുന്നത് എന്ന് പ്രിയങ്ക ആരോപിച്ചു.
“വന്ദേമാതരം ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ്. അതിനെക്കുറിച്ച് ഇപ്പോൾ പ്രത്യേകിച്ച് ഒരു ചർച്ച നടത്തേണ്ട ആവശ്യമില്ല. പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബിജെപി ഈ വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നത്. പ്രധാനമന്ത്രി ചില കാര്യങ്ങൾ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയവർക്കും രാജ്യത്തിനായി ത്യാഗങ്ങൾ സഹിച്ചവർക്കുമെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിക്കാൻ സർക്കാർ ഒരു അവസരം ആഗ്രഹിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ, മോദി സർക്കാർ രാജ്യത്തിന്റെ ശ്രദ്ധ മറ്റ് വിഷയങ്ങളിൽ നിന്ന് തിരിക്കാൻ ആഗ്രഹിക്കുകയാണ്,” എന്നും പ്രിയങ്ക ഗാന്ധി ലോക്സഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞു.
150 വർഷങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഒരു ചർച്ച നടത്തേണ്ട ആവശ്യമില്ല എന്ന് കോൺഗ്രസ് എംപി രാജീവ് ശുക്ലയും ലോക്സഭയിൽ മറുപടി നൽകി. രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷമായി. എന്നിട്ട് ഇപ്പോൾ എന്തിനാണ് ഇത്തരം ഒരു വിഷയം ചർച്ച നടത്തുന്നത്? ബിജെപി നെഹ്റുവിനെ അധിക്ഷേപിക്കുന്നത് തുടരുകയാണ്” എന്നും രാജീവ് ശുക്ല പാർലമെന്റിൽ നൽകിയ മറുപടിയിൽ സൂചിപ്പിച്ചു. അതേസമയം സുപ്രധാന ചർച്ച നടന്ന ദിവസം രാഹുൽ ഗാന്ധി ലോക്സഭയിൽ ഹാജരാകാതിരുന്നതും ശ്രദ്ധേയമായി.









Discussion about this post