തൃശ്ശൂർ : സഭാ തർക്കവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ്. ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കത്തിൽ 6 പള്ളികൾ ഏറ്റെടുക്കുന്നതിൽ സാവകാശം തേടി സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീംകോടതിയിൽ പോയതിനെ തുടർന്നാണ് തൃശ്ശൂർ ബിഷപ്പ് പിണറായി സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്. ചില ആളുകളുടെ താല്പര്യങ്ങളുടെ സംരക്ഷകരാണോ സർക്കാർ എന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഇങ്ങനെ പോയാൽ പാലക്കാട് ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും എന്നും ഓർത്തഡോക്സ് സഭ തൃശൂർ ബിഷപ്പ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആയിരുന്നു ബിഷപ്പ് പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.
“മലങ്കര സഭാ വിഷയത്തിൽ സർക്കാർ അപ്പീലുമായി സുപ്രീം കോടതിയിൽ!. കുറെ ചോദ്യങ്ങൾ ഇവിടെ ഉയരുന്നുണ്ട്: ക്രമസമാധാന പ്രശ്നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമല്ലേ? അതോ ചിലർ പറയുന്നതുപോലെ ചില താൽപര്യങ്ങളുടെ സംരക്ഷകരാണോ സർക്കാർ? കളക്ടറും പോലീസ് അധികാരികളുമല്ലേ കോടതി വിധികൾ നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർ? അവരെ ഒഴിവാക്കണം എന്ന് പറഞ്ഞാൽ പിന്നെ മുഖ്യമന്ത്രിയാണോ നടപ്പാക്കുക? കുറെക്കൂടെ സമയം വേണമെന്ന് പറഞ്ഞാൽ 2017 മുതൽ 2024 വരെ കിട്ടിയ സമയം മതിയായില്ല എന്നാണോ? ഏറെ മുന്നോട്ട് പോയാൽ ഈ നിർണ്ണായക ഘട്ടത്തിൽ ഞാൻ പാലക്കാട് ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും” എന്നായിരുന്നു തൃശൂർ ബിഷപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
Discussion about this post