ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് 2.31 ലക്ഷം മുട്ടകൾ കയറ്റുമതി ചെയ്ത് ഇന്ത്യ. രാജ്യത്ത് മുട്ടവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇത്രയും വലിയ മുട്ട കയറ്റുമതി നടത്തിയിരിക്കുന്നത്. അടുത്ത മാസത്തോടെ 90 ലക്ഷം മുട്ടകൾ കൂടി ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ധാക്കയിലും ബംഗ്ലാദേശിന്റെ മറ്റ് ഭാഗങ്ങളിലുമായി മുട്ടവില ഒരു ഡസന് 200 ടാക്കയായി (140.75 രൂപ) ഉയർന്നിരിക്കുകയാണ്. മുട്ടവില കുത്തനെ ഉയർന്നതോടെ ഇടത്തരം കുടുംബങ്ങളെ ഇത സാരമായി ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ മുട്ടവില സ്ഥിരപ്പെടുത്താനായി നാലര കോടി മുട്ട ഘട്ടം ഘട്ടമായി ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യാൻ ബംഗ്ലാദേശ് അനുമതി നൽകിയിട്ടുണ്ട്.
ഇതിനൊപ്പം മുട്ടയുടെ ഇറക്കുമതി തീരുവ ബംഗ്ലാദേശ് നാഷണൽ ബോർഡ് ഓഫ് റവന്യൂ 25 ശതമാനത്തിൽ നിന്നും 5 ശതമാനമായി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതോടെ, മുട്ടയുടെ ഇറക്കുമതി ചിലവ് ഒരു ഡസന് 13.8 ടാക്കയോളം കുറയും. ബംഗ്ലാദേശിൽ പ്രതിദിനം 40 ദശലക്ഷം മുട്ടകൾക്ക് ആവശ്യക്കാരുണ്ടെന്ന് രാജ്യത്തെ വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കോഴിത്തീറ്റ വിലയിൽ വന്ന വർദ്ധനവാണ് ബംഗ്ലാദേശിൽ മുട്ട വല വർദ്ധനവിനുള്ള പ്രധാന കാരണം. മുട്ടയുടെ ഉത്പാദന ചിലവിന്റെ 75 ശതമാനവും പോവുന്നത് കാലിത്തീറ്റയിലേക്കാണ്. ഇന്ത്യയിലെ കാലിത്തീറ്റ വിലയേക്കാൾ കൂടുതലാണ് ബംഗ്ലാദേശിലെ കാലിത്തീറ്റയുടെ വില. ഇന്ത്യയിൽ മുട്ട ഉത്പാദനത്തിനായി ഒരു മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇന്ത്യയേക്കാൾ വളരെ കൂടുതലാണ് ബംഗ്ലാദേശിൽ. ഇന്ത്യയിൽ ഒരു കോഴിക്കുഞ്ഞിന് 25 മുതൽ 35 ടാക്ക വരെയാണ് വിലയെങ്കിൽ ബംഗ്ലാദേശിൽ ഇത് 80 മുതൽ 120 രൂപ വരെയാണ്.
Discussion about this post