ലഖ്‌നൗ : ഉത്തർപ്രദേശിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഒരു റെയ്ഡിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വ്യാജ മുട്ടകൾ കണ്ടെത്തി. നാടൻ കോഴിമുട്ട എന്ന പേരിൽ വിൽപ്പന നടത്താൻ തയ്യാറാക്കിയിരുന്ന മുട്ടകളാണ് കണ്ടെത്തിയത്. മൊറാദാബാദിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിൽ ഏകദേശം 3.9 ലക്ഷം രൂപ വിലമതിക്കുന്ന 81,000 വ്യാജ നാടൻ മുട്ടകളാണ് കണ്ടെത്തിയത്. അല്ലാഹ് ഖാൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ആയിരുന്നു ഈ നിർമ്മാണ കേന്ദ്രം നടത്തിവന്നിരുന്നത്.
സാധാരണ വെള്ള മുട്ടകൾ തേയില വെള്ളവും കൃത്രിമ ചായവും മറ്റും ഉപയോഗിച്ച് നിറം മാറ്റി ‘നാടൻ കോഴിമുട്ട’ എന്ന പേരിൽ ഇരട്ടിയിലേറെ വിലയ്ക്കായിരുന്നു ഇവർ വില്പന നടത്തിയിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത്തരം വ്യാജ നാടൻ മുട്ടകൾ വിതരണം നടത്തിയിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉത്തർപ്രദേശിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ കൃത്യമായ ഇടപെടലിനെ തുടർന്നാണ് ഈ വ്യാജ മുട്ട നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്.
റാംപൂർ തിരാഹയ്ക്കടുത്തുള്ള ബർവാഡ മജ്‌റയിലെ അല്ലാഹ് ഖാന്റെ ഉടമസ്ഥതയിലുള്ള ഒരു വെയർഹൗസിൽ നിന്നാണ് മുട്ടയുടെ പേരിലുള്ള ഈ വൻ ചതി ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തുകൊണ്ടുവന്നത്. ചായപ്പൊടി, സിന്ദൂരം എന്നിവ തിളപ്പിച്ച് ഉണ്ടാക്കുന്ന വെള്ളത്തിൽ മുക്കിവെച്ച ശേഷം വൈക്കോലിനുള്ളിൽ പൊതിഞ്ഞ് ഉണക്കിയാണ് ഇവർക്ക് കൃത്രിമമായി ‘നാടൻ മുട്ടകൾ’ തയ്യാറാക്കിയിരുന്നത്. പിന്നീട് സാധാരണ മുട്ടകളെക്കാൾ രണ്ട് ഇരട്ടി ഉയർന്ന വിലയായിരുന്നു ഇവർ ഈ മുട്ടകൾ വിൽപ്പന നടത്തിയത്. ഏതാനും ദിവസങ്ങളായി നിരീക്ഷണം നടത്തിയതിനുശേഷം കഴിഞ്ഞദിവസം പുലർച്ചെ ആയിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ വെയർ ഹൗസിൽ റെയ്ഡ് നടത്തിയത്. ഭക്ഷ്യ മായം ചേർക്കൽ നിയമപ്രകാരം സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും വ്യക്തമാക്കി.










Discussion about this post