കമ്പനികളും മേലുദ്യോഗസ്ഥരും ജീവനക്കാരോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ കീഴ്ജീവനക്കാരന്‍ വാഹനാപകടത്തില്‍പ്പെട്ടതിനെക്കുറിച്ച് അറിയിക്കുമ്പോഴുള്ള ഒരു മാനേജറുടെ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. @kirawontmssi എന്ന എക്സ് ഉപയോക്താവാണ് മാനേജറും ജീവനക്കാരനും തമ്മിലുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്.
മാനേജറുമായുള്ള ചാറ്റില്‍ ജീവനക്കാരന്‍ അപകടത്തില്‍ തകര്‍ന്ന തന്റെ കാറിന്റെ ചിത്രം അയച്ചു കൊടുത്തത് കാണാം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നത് ചിത്രത്തില്‍ കാണാം. ഇയാള്‍ വലിയൊരു അപകടത്തിലാണ് പെട്ടതെന്ന് ചിത്രത്തില്‍ വ്യക്തമാണ്. എന്നാല്‍ അപകടത്തെ കുറിച്ചോ ജീവനക്കാരന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ അന്വേഷിക്കുന്നതിന് പകരം മാനേജര്‍ ചോദിക്കുന്നത് എപ്പോഴാണ് നിങ്ങള്‍ ഓഫീസില്‍ എത്തുക എന്നതാണ്.
ജീവനക്കാരന്റെ പ്രതികരണമൊന്നും ഇല്ലാതായതോടെ പിറ്റേ ദിവസം മറ്റൊരു സന്ദേശം കൂടെ മാനേജര്‍ അയക്കുന്നു. നിങ്ങള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷെ കുടുംബത്തില്‍ ആരെങ്കിലും മരണപ്പെടുകയോ മറ്റോ പോലുള്ള കാരണങ്ങളല്ലാതെ ഒരു കമ്പനിയും നിങ്ങള്‍ക്ക് അവധി തരില്ലെന്നായിരുന്നു രണ്ടാമത്തെ സന്ദേശം.
നിങ്ങളുടെ ജോലിസ്ഥലത്തെ മാനേജറാണ് ഇത്തരത്തില്‍ പറയുന്നതെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണമെന്ന ചോദ്യത്തോടെയാണ് ട്വിറ്ററില്‍ ഈ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും നിരവധി പേരാണ് ഈ മാനേജരുടെ നടപടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. നിരവധി പേര്‍ ഇത്തരം ടോക്‌സിക് കമ്പനികളില്‍ ജോലി ചെയ്ത അനുഭവവും പങ്കുവെച്ചു.
Discussion about this post