തിരുവനന്തപുരം; ലോക്‌സഭ ഉപതിരഞ്ഞെടുപ്പിനായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നെഹ്റു കുടുംബത്തിലെ രണ്ടാമത്തെ ഇളമുറക്കാരിയും വയനാട്ടിന്റെ മണ്ണിലേക്കെത്തുമ്പോൾ നെഹ്റുവിയൻ ലെഗസി പേറുന്ന മൂന്നു തലമുറകൾക്കും നാലു പ്രസിഡന്റുമാർക്കും ഒപ്പം പ്രവർത്തിച്ച ഓർമ്മകളിൽ മനസ് നിറയുകയാണെന്നും അദ്ദേഹം പറയുന്നു.
രണ്ടാം പ്രിയദർശിനിയുടെ രാഷ്ട്രീയ ഉദയമാണിത്. അതിന്.അരങ്ങൊരുക്കുന്നത് വയനാടും. സന്തോഷിക്കാൻ ഇതിലേറെ എന്തു വേണമെന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. നിരവധി പേർ കോൺഗ്രസ് നേതാവിന്റെ ഈ പോസ്റ്റിനെ പരിഹസിച്ചും രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വയനാട്ടിനെ ഇളക്കി മറിച്ച് പ്രിയങ്കാ ഗാന്ധിയെത്തി.
നെഹ്‌റു കുടുംബത്തിലെ രണ്ടാമത്തെ ഇളമുറക്കാരിയും വയനാട്ടിന്റെ മണ്ണിലേക്കെത്തുമ്പോള്‍ നെഹ്‌റുവിയന്‍ ലെഗസി പേറുന്ന മൂന്നു തലമുറകള്‍ക്കും നാലു പ്രസിഡന്റുമാര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ച ഓര്‍മ്മകളില്‍ മനസ് നിറയുകയാണ്.
കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഞങ്ങളുടെയൊക്കെ ആവേശമായിരുന്നു ഇന്ത്യയുടെ ഉരുക്കു വനിതയായിരുന്ന ഇന്ദിരാജി. ഇന്ദിരാ പ്രിയദര്‍ശിനിയുമൊത്ത് എന്റെ ഏറ്റവും ദീപ്തമായ ഓര്‍മ്മ 1982 ല്‍ ഞാന്‍ എന്‍.എസ്.യു ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാഗ്പൂര്‍ സമ്മേളനത്തിന്റേതാണ്. അന്ന് പൊതു സമ്മേളനത്തില്‍ സ്ഥാനമേറ്റെടുത്തു കൊണ്ട് ഇംഗ്‌ളീഷില്‍ സംസാരിക്കുമ്പോള്‍ ഇന്ദിരാജി എന്നോട് ഹിന്ദിയില്‍ പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. അതു പ്രകാരം ഞാന്‍ തുടര്‍ന്നുള്ള പ്രസംഗം ഹിന്ദിയിലാക്കി.
തന്റെ പ്രസംഗം വന്നപ്പോള്‍ ഇന്ദിരാജി പറഞ്ഞു. ‘ഇതാണ് ദേശീയോദ്ഗ്രഥനം. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു ചെറുപ്പക്കാരന്‍ ഇതാ നാഗ്പൂരില്‍ വന്ന് ഹിന്ദിയില്‍ നമ്മളോട് സംസാരിക്കുന്നു.’ പിറ്റേന്ന് മലയാളമാധ്യമങ്ങള്‍ വലിയരീതിയില്‍ ആ വാര്‍ത്ത കൈകാര്യം ചെയ്തു. ‘സബാഷ് രമേശ്’ എന്നായിരുന്നു അന്നത്തെ ഒരു തലക്കെട്ട് എന്നാണ് ഓര്‍മ്മ.
ഇന്ദിരാജിയുടെ അന്ത്യം വല്ലാത്ത ഷോക്കായിരുന്നു. പക്ഷേ രാജീവ് ജിയുടെ വരവ് പ്രതീക്ഷകളുടെ ഉദയമായി. രാജ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു ചെറുപ്പക്കാരന്‍ തന്റെ സ്വപ്‌നങ്ങള്‍ ജനങ്ങളുമായി പങ്കുവെച്ച് പുരോഗമനത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടു. മനോഹരമായ ഒരു വ്യക്തിബന്ധമായിരുന്നു അദ്ദേഹവുമായി. അന്ന് ഞാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായിരുന്നു. എന്റെ രാഷ്ട്രീയ ധാരണകള്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. പുതിയ ലോകം എങ്ങനെ രൂപപ്പെടണമെന്നതിന്റെ ധാരണകള്‍ രാജീവ് ജിയില്‍ നിന്നാണ് പഠിച്ചത്. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുതാനാണെങ്കില്‍ ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും. ശ്രീപെരുമ്പതൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത അറിയുമ്പോള്‍ ലോകം അവസാനിക്കുന്നതു പോലെയായിരുന്നു. എല്ലാ പ്രതീക്ഷകളും ഇരുട്ടിനാല്‍ മൂടപ്പെട്ട നാളുകള്‍. കാലങ്ങളെടുത്തു ആ ഷോക്കില്‍ നിന്നു പുറത്തു വരാന്‍.
തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സോണിയാജി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന കാലത്തും രാഹുല്‍ജി സ്ഥാനമേറ്റെടുത്തപ്പോഴും വളരെയടുത്തു പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ആശയങ്ങള്‍ പങ്കുവെച്ചു. ലോക്‌സഭയിലേക്കുള്ള തന്റെ സീറ്റായി രാഹുല്‍ജി വയനാട് തിരഞ്ഞെടുത്തപ്പോള്‍ സന്തോഷം മനസു നിറച്ചു. കാരണം വിശാലമായ ഇന്ത്യയിലെ തെക്കേയറ്റത്തുള്ള കൊച്ചു കേരളത്തിലെ ഒരു മണ്ഡലം ദേശീയ ശ്രദ്ധ നേടാന്‍ തുടങ്ങിയിരിക്കുന്നു. മഹത്തായ നെഹ്‌റുവിയന്‍ ലെഗസിയുടെ ഭാഗമാകുന്നു.
ഇന്ന് സന്തോഷത്തിന്റെ ഇരട്ടിമധുരമാണ്. രാഹുല്‍ജിക്കു ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കന്നിയങ്കം കുറിക്കാന്‍ പ്രിയങ്കാജി വയനാട് എത്തിയിരിക്കുന്നു. ഗാന്ധിനാമം പേറുന്ന രണ്ടു പേര്‍ വയനാടിനെ വരിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വിവിഐപി മണ്ഡലമായി വയനാട് മാറുന്നു. സോണിയാജിയും രാഹുല്‍ജിയും പ്രിയങ്കാജിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെജിയ്‌ക്കൊപ്പം വയനാടിന്റെ തെരുവുകളില്‍ ആവേശഭരിതരായ ജനതയെ കൈവീശി അഭിസംബോധന ചെയ്യുമ്പോള്‍ ചരിത്രം പിറക്കുകയാണ്.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി പ്രിയങ്ക ജയിച്ചു കയറുമെന്നുറപ്പാണ്. അതിനു വേണ്ടി യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റമനസോടെ രംഗത്തുണ്ട്. നേതാക്കളും പ്രവര്‍ത്തകരും വയനാടിനെ ഇളക്കിമറിക്കുമ്പോള്‍ കണ്ണിന് അണുബാധ മൂലം വിശ്രമത്തിലായതു കൊണ്ട് നേരിട്ടെത്തി പങ്കെടുക്കാന്‍ കഴിയാത്ത വിഷമമുണ്ട്. ആരവങ്ങള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. മനസ് കൊണ്ട് വയനാട്ടിന്റെ മണ്ണിലുണ്ട്.
രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിത്. അതിന് അരങ്ങൊരുക്കുന്നത് വയനാടും.
സന്തോഷിക്കാന്‍ ഇതിലേറെ എന്തു വേണം!
Discussion about this post