തിരുവനന്തപുരം:കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് വഴിവച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം വ്യാപകം. ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും സി,പി.എമ്മും ആവർത്തിച്ചു പറഞ്ഞിട്ടും പൊലീസ് അന്വേഷണം പ്രഹസനമായി തുടരുന്നതിലാണ് പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുന്നത്.
ആത്മഹത്യാ പ്രേരണക്കുറ്റമായിട്ടും ദിവ്യയെ വിളിപ്പിക്കാനോ, ചോദ്യംചെയ്യാനോ കഴിയാത്ത വിധം പൊലീസിന് മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ആഭ്യന്തര വകുപ്പ് വിലങ്ങിട്ടെന്നാണ് വിമർശനം.ദിവ്യയെ പൊലീസ് സംരക്ഷിക്കുകയും പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെകുടുംബത്തിനൊപ്പമാണെന്ന് പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന കടുത്ത വിമർശനം ഇപ്പോൾ നടന്നുവരുന്ന സി.പി.എം ലോക്കൽ സമ്മേളനങ്ങളിലും ഉയരുന്നു.
കണ്ണൂരിലെ ഒരു നേതാവിനുവേണ്ടി ഒരു പാർട്ടിക്കുടുംബത്തെ ഒന്നാകെ ബലികൊടുക്കുന്നത്പാർട്ടിയുടെ വിശ്വാസ്യതയെയാണ് ബാധിക്കുന്നതെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട് . ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും തിരിച്ചറിയുന്നുണ്ടെന്നും ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്നും സമ്മേളന പ്രതിനിധികൾ തന്നെ മുന്നറിയിപ്പ് നൽകുകയാണ്.
ദിവ്യയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് തലശേരി പ്രൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുകയാണ് . അപേക്ഷ തള്ളിയാൽ, ഹൈക്കോടതിയെയും വേണ്ടിവന്നാൽ സുപ്രീം കോടതിയെയും സമീപിക്കാൻ ദിവ്യയ്ക്ക് അവസരം ഒരുക്കാനാണ് പൊലീസിന്റെ മെല്ലെപ്പോക്ക് എന്നാണ് ആരോപണം.
ആത്മഹത്യാ പ്രേരണക്കുറ്റം എസ്.പിയോ,അതിനേക്കാൾ ഉയർന്ന റാങ്കിലെ പൊലീസ് ഉദ്യോഗസ്ഥനോ ആണ് നിയമപ്രകാരം അന്വേഷിക്കേണ്ടത്.മരണം നടന്ന് ഒൻപത് ദിവസം കഴിഞ്ഞിട്ടും ടൗൺ സി.ഐ ക്ക് മാത്രമാണ് അന്വേഷണ ചുമതല. ജില്ലാ കളക്ടർപോലും സംശയനിഴലിലായ കേസിൽ സി.ഐയുടെ പ്രഹസനം മാത്രമാണ്.
Discussion about this post