വൈകീട്ട് കടുപ്പത്തിൽ ഒരു ചായ…മുക്കി കഴിക്കാൻ രണ്ടോ മൂന്നോ ബിസ്‌ക്കറ്റ്. കാലങ്ങളായി നമ്മളുടെ പലരുടെയും ശീലമാണിത്. പ്രാതൽ കഴിക്കാൻ മടി ഉള്ളവരും ചിലപ്പോൾ രാവിലെ ചായയ്‌ക്കൊപ്പം രുചിയോടെ ഇത് കഴിക്കുന്നവരാകും. എന്നാൽ ഈ ശീലം നല്ലതാണോ? പരിശോധിക്കാം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട പലഹാരമാണ് ബിസ്‌ക്കറ്റ. പ്രത്യേകിച്ച് ചായയ്‌ക്കൊപ്പം കഴിക്കാനാണ് ഏറെയിഷ്ടം. എനർജി ലഭിക്കുകയും വിശപ്പ് മാറ്റുകയും ചെയ്യുന്നത് കൊണ്ട് പലരും ബിസ്‌ക്കറ്റിനെ പ്രധാനഭക്ഷണമായി പോലും കണക്കാക്കുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?
ബിസ്‌ക്കറ്റിൽ പോഷകങ്ങൾ വളരെ കുറവാണ്. കൂടാതെ, ബിസ്‌ക്കറ്റിൽ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ, സോഡിയം കൂടുതലായിരിക്കും. പലപ്പോഴും ബിസ്‌ക്കറ്റ് തയ്യാറാക്കുന്നത് പാം ഓയിലിലാണ്. ഇതെല്ലാം ആരോഗ്യത്തിന് ദോഷകരമാണ്. ഇത് അമിതവണ്ണം, കൊളസ്ട്രോൾ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടാതെ, പല്ലിന്റെ ആരോഗ്യം നശിക്കുന്നതിനും ഇത് കാരണമാകുന്നു. ചായ-ബിസ്‌കറ്റ് കോമ്പിനേഷൻ ഇൻസുലിൻ പ്രതിരോധം, വയറിലെ കൊഴുപ്പ്, അസിഡിറ്റി, മറ്റ് കുടൽ ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും.ഒഴിഞ്ഞ വയറ്റിൽ ചായ കുടിച്ചാൽ, നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.ഇരുമ്പ് പോലുള്ള മറ്റ് പോഷകങ്ങളുടെ ആഗിരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
ബിസ്‌ക്കറ്റിലെ പഞ്ചസാരയുടെ അംശവും പ്രശ്‌നമാണെന്ന് പറയേണ്ടിതില്ലല്ലോ.ബിസ്‌ക്കറ്റുകളിൽ കലോറിയും ഹൈഡ്രജനേറ്റഡ് കൊഴുപ്പും കൂടുതലാണ്. ശരാശരി മാരി ബിസ്‌കറ്റിൽ ഏകദേശം 40 കലോറി അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ക്രീം നിറച്ചതോ പുതുതായി ബേക്ക് ചെയ്ത ഒരു ബിസ്‌കറ്റിൽ 100 മുതൽ 150 കലോറി വരെ അടങ്ങിയിരിക്കാം. കൂടാതെ, ഒരു ബിസ്‌കറ്റ് മാത്രം കഴിക്കുന്നവർ കുറവാണ്. മിക്ക ബിസ്‌ക്കറ്റുകളും ശുദ്ധീകരിച്ച പൊടിയായ മൈദ ഉപയോഗിച്ചാണ് ഉണ്ടാകുന്നത്. ബിസ്‌ക്കറ്റുകളിൽ പലപ്പോഴും എമൽസിഫയറുകൾ, പ്രിസർവേറ്റീവുകൾ, കളറിംഗ് ഏജന്റുകൾ തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.
അത് കൂടാതെ ചായയ്‌ക്കൊപ്പം നാരങ്ങ കഴിക്കുന്നത് അത്ര നല്ലതല്ല. അസിഡിറ്റി ഉള്ളവർ രാവിലെ തന്നെ ലെമൺ ടീ കുടിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. അത് പോലെ കടലമാവ് ചേർത്ത പലഹാരങ്ങളും ചായയ്‌ക്കൊപ്പം നല്ലതല്ല. ഇത് മലബന്ധത്തിനും വയറുവേദനയ്ക്കും കാരണമാകുന്നു. ചായ്‌ക്കൊപ്പം മഞ്ഞൾ ചേരുന്നതും ദോഷമാണ്. വറുത്ത നിലക്കടല,കശുവണ്ടി,പിസ്ത എന്നിവയൊന്നും ചായയ്‌ക്കൊപ്പം കഴിക്കരുത്. ഇരുമ്പ് ധാരാളമടങ്ങിയ ഇലക്കറികൾ,പയർവർഗങ്ങൾ,ധാന്യങ്ങൾ എന്നിവയും ചായയ്‌ക്കൊപ്പം ഒഴിവാക്കാം. കാരണം ചായയിൽ ടാനിനുകളും ഓക്‌സലേറ്ററുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മറ്റ് ഭക്ഷണങ്ങളിൽ നിന്നും ഇരുമ്പിനെ ആഗിരണം ചെയ്യുന്നത് തടയുന്നു.
Discussion about this post