തന്റെ അച്ഛന് സംഭവിച്ച അപകടത്തെ കുറിച്ചും ആശുപത്രിയില്‍ നിന്നും എത്തിയ അച്ഛനെ കണ്ടപ്പോള്‍ പൊട്ടികരഞ്ഞതിനെക്കുറിച്ചും ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഒരു അഞ്ചു വയസ്സുകാരന്‍. സങ്കടക്കുറിപ്പ് എന്ന തലക്കെട്ടോടെയാണ് കണ്ണൂര്‍ സ്വദേശിയായ അഞ്ച് വയസുകാരന്‍ അച്ഛനെ കുറിച്ച് എഴുതിയത്. പയ്യന്നൂര്‍ സബ്ജില്ലയിലെ പൊത്തംകണ്ടം ജിയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആരവ് പിപിയാണ് ഇങ്ങനെ സ്‌കൂള്‍ ഡയറിയില്‍ കുറിച്ചത്.
‘കുറച്ച് ദിവസങ്ങള്‍ മുമ്പ് എന്റെ അച്ഛന്‍ പണിക്ക് പോയപ്പോള്‍ വാര്‍പ്പിന്റെ മോളില്‍ നിന്നും തായേക്ക് വീണു. കൈയും കാലും ഒടിഞ്ഞിട്ട് ആശുപത്രിയിലായി. രാത്രിയാണ് വീട്ടില്‍ വന്നത്. അച്ഛനെ എല്ലാരും കൂടി എടുത്ത് വീട്ടില്‍ കൊണ്ടുവന്നു കട്ടില്‍ കിടത്തി. അച്ഛനെ കണ്ടതും ഞാന്‍ പൊട്ടി കരഞ്ഞു. അച്ഛന്റടുത്ത് കിടന്നു. അതുകണ്ട് ആട ഉണ്ടായര്‍ക്കു സങ്കടമായി. എല്ലാരും കരഞ്ഞു.’- എന്നാണ് ഒന്നാം ക്ലാസുകാരനായ പി.പി ആരവ് ഡയറിയില്‍ കുറിച്ചത്.
സ്‌കൂളിലെ സര്‍ഗച്ചുമരില്‍ പതിക്കാന്‍ രചനകള്‍ കൊണ്ടുവരണമെന്നു ക്ലാസ് ടീച്ചര്‍ പറഞ്ഞിരുന്നു. കോണ്‍ക്രീറ്റ് തൊഴിലാളിയായ അച്ഛന്‍ പുക്കലിലെ മധുവിനെ കെട്ടിടത്തില്‍നിന്നു വീണു കയ്യും കാലും ഒടിഞ്ഞ് വീട്ടിലെത്തിച്ച രംഗമാണ് ആരവ് എഴുതിയത്. അച്ഛനും മകനും ഒപ്പം കിടക്കുന്ന ചിത്രവും വരച്ചിരുന്നു.
5 വയസ്സുകാരന്റെ സങ്കടം ആ ചുമരില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഈ കുറിപ്പ് ക്ലാസ് ടീച്ചറായ മായ കെ.മാധവന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്തു.
Discussion about this post