ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണിയിൽ ഒരാൾ അറസ്റ്റിൽ. ഉത്തം നഗർ സ്വദേശിയായ ശുഭം ഉപാധ്യായ (25) യാണ് പിടിയിലായത്. ഡൽഹിയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഡൽഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയിലാണ് ഇയാൾ അറസ്റ്റിലായത്.
ടിവിയിൽ സമാനമായ ഭീഷണി വാർത്തകൾ കണ്ടപ്പോൾ പ്രശസ്തിക്കു വേണ്ടിയാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പ്രതി പറഞ്ഞതായി ഡൽഹി പോലീസ് പറഞ്ഞു. ഇത് രണ്ടാമത്തെയാളെയാണ് പോലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം 17 വയസ്സുകാരനെ പോലീസ് പിടികൂടിയിരുന്നു.
വെള്ളിയാഴ്ച രാത്രിയും ഇന്ന് പുലർച്ചെയ്ക്കുമിടയിൽ രണ്ട് ഭീഷണി സന്ദേശം ഡൽഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിന് നേരെയുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സന്ദേശം അയച്ചത് ശുഭമാണെന്ന് കണ്ടെത്തുകയായിരുന്നു. സമൂഹമാധ്യമം വഴിയായിരുന്നു ശുഭം ഭീഷണിപ്പെടുത്തിയത്.
അതേസമയം രാജ്യത്ത് വിമാനങ്ങൾക്ക് നേരെ നിരവധി ഭീഷണികളാണ് വരുന്നത്. ഒക്ടോബർ 14 മുതൽ 275 വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്.
Discussion about this post