ന്യൂഡൽഹി : രാജ്യത്തെ ഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി രണ്ടു പുതിയ റെയിൽവേ പദ്ധതികൾക്ക് കൂടി മോദി സർക്കാർ അംഗീകാരം നൽകി. 6,798 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന രണ്ട് റെയിൽവേ പദ്ധതികൾക്കാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി 168 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ആന്ധ്രാ പ്രദേശ്, തെലങ്കാന, ബിഹാർ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായിട്ടാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഏകദേശം 12 ലക്ഷത്തോളം ജനങ്ങൾക്ക് ഗുണപ്രദമാകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള ഗതാഗത സൗകര്യവും ഈ പദ്ധതി പൂർത്തിയാകുന്നതോടെ മെച്ചപ്പെടും എന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.
നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന റെയിൽവേ പദ്ധതികൾ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പ്രതിവർഷം 31 ദശലക്ഷം ടൺ അധിക ചരക്ക് കൈമാറ്റത്തിന് പുതിയ പാതകൾ സഹായിക്കും. നേപ്പാളിലെ ബിർഗഞ്ചിലുള്ള ഇൻലാൻഡ് കണ്ടയ്‌നർ ഡിപ്പോയെ ബന്ധിപ്പിക്കുന്ന ഇന്തോ – നേപ്പാൾ വ്യാപാരത്തിനും ഈ പുതിയ റെയിൽപാത ഏറെ ഗുണകരമാകുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Discussion about this post