കോഴിക്കോട്: പി. ജയരാജന്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച കേസില്‍ 30 പി.ഡി.പി പ്രവര്‍ക്കര്‍ക്കെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്ത വേദിക്ക് അടുത്തായായിരുന്നു പി.ഡി.പി. പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്തത്. കേരളം മുസ്‌ലിം രാഷ്ട്രം രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിൽ എങ്ങനെയാണ് തീവ്ര ഇസ്ലാമിക ശക്തികളും പൊളിറ്റിക്കൽ ഇസ്ലാമും, കേരളത്തിൽ ഇസ്ലാമിക രാഷ്ട്രം നിർമ്മിക്കാൻ ശ്രമിക്കുന്നത് എന്നതിനെ കുറിച്ചാണ് പരാമർശിക്കുന്നത്.
പുസ്തകപ്രകാശനം നടന്നതിന്റെ തൊട്ടടുത്തായി ഒരു സംഘം പി.ഡി.പി. പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രതീകാത്മകമായി പുസ്തകം കത്തിക്കുകയായിരുന്നു. അന്യായമായ സംഘം ചേരല്‍, വഴി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി, കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. എന്നാൽ കേസ് എടുത്തതിനു ശേഷം ഇവരെ പോലീസ് വിട്ടയച്ചു. പി ഡി പി നേതാവ് അബ്‌ദുൾ നാസർ മദനിക്കെതിരെ പി ജയരാജന്റെ പുസ്തകത്തിൽ ചില മോശം പരാമർശങ്ങൾ ഉണ്ടെന്ന കാരണം പറഞ്ഞായിരുന്നു പുസ്തകം കത്തിച്ചത്.
Discussion about this post