പാലക്കാട്: കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കണ്ടെത്തിയത് ക്രിമിനലുകൾ ഉപയോഗിക്കുന്ന തരം മാരകായുധങ്ങൾ . എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കലോത്സവവുമായി ബന്ധപ്പെട്ട ത൪ക്കമാണ് സംഘ൪ഷത്തിൽ കലാശിച്ചത്. ഇതേ തുടർന്ന് ഒരു വിദ്യാ൪ത്ഥിക്ക് കുത്തേറ്റിരുന്നു. വയറിന് കുത്തേറ്റ മേഴത്തൂ൪ സ്കൂളിലെ വിദ്യാർഥി ആശുപത്രിയിൽ തുടരുകയാണ്
കൂർത്ത മുനയുള്ള, പിടിഭാഗത്ത് പേപ്പർ ടാപ്പ് ചുറ്റിയ സ്റ്റീൽ നിർമ്മിത ആയുധം, ഗുണ്ടാ സംഘങ്ങൾ തലയ്ക്കടിക്കാൻ ഉപയോഗിക്കുന്ന മടക്കി വെക്കാൻ സാധിക്കുന്നതും അഗ്രഭാഗത്ത് സ്റ്റീൽ ഉണ്ടയോട് കൂടിയതുമായ നീളമുള്ള വടി. മൂ൪ച്ചയുള്ള കത്തി. എന്നിവയാണ് വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്തത്.
നാലു ദിവസം മുമ്പായിരുന്നു തൃത്താല ഉപജില്ല കലോത്സവം നടന്നത്. കുമരനല്ലൂർ, മേഴത്തൂർ സ്കൂളുകളിലെ പ്ലസ് ടു വിദ്യാ൪ത്ഥികൾ തമ്മിൽ കലോത്സവത്തിനിടെയാണ് ആദ്യം സംഘ൪ഷമുണ്ടായത്.
ഇതിനു പിന്നാലെ ഒത്തുതീ൪പ്പിനായി ഇരുവിഭാഗം വിദ്യാ൪ത്ഥികളും കൂട്ടനാട് മല റോഡിലെത്തി. എന്നാൽ അവിടെ വച്ച് വീണ്ടും തർക്കം ഉടലെടുക്കുകയും കത്തികുത്തിലേക്ക് കടക്കുകയുമായിരിന്നു.
Discussion about this post