കേന്ദ്ര സർക്കാരിന് കീഴിൽ നിയമനം ലഭിച്ച 51,000 ത്തിലധികം ആളുകൾക്ക് നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിതരണം ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം നിയമനകത്തുകൾ വിതരണം ചെയ്തത്. ഓരോ യുവാക്കൾക്കും അവസരം നൽകുകയും യുവാക്കളെ അവരുടെ അഭിലാഷങ്ങൾ നിറവേറ്റാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു സംവിധാനം സൃഷ്ടിക്കാനാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൻറെ തൊഴിൽദാന മേളയായ റോസ്ഗാർ മേളയുടെ ഭാഗമായാണ് നിയമനകത്ത് നൽകിയത്.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി നിരവധിയാളുകൾക്കാണ് റോസ്ഗർ മേളയിലൂടെ തൊഴിൽ ലഭിച്ചത്. ഇന്ത്യൻ യുവാക്കൾക്ക് കുടിയേറ്റവും തൊഴിലും ഉറപ്പാക്കാൻ 21 രാജ്യങ്ങളുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.
രാജ്യത്തുടനീഷമായി 40 കേന്ദ്രങ്ങളിലാണ് റോസ്ഗർ മേളകൾ സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയായി. തൈക്കാട് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജിയിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ജെടി വെങ്കിടേശ്വരലു, ഡിപിഎസ് നോഡൽ ഓഫീസർ അലക്‌സിൻ ജോർജ്ജ് തുടങ്ങിയവരും പങ്കെടുത്തു. കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് മുഖ്യാതിഥിയായിരുന്നത്. കൊച്ചിയിൽ പുതുതായി നിയമിതരായ 150 പേർക്ക് നിയമന കത്തുകൾ കൈമാറുകയും ചെയ്തു.
കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലും വകുപ്പുകളിലും റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച പദ്ധതിയാണ് റോസ്ഗാർ മേള. ഇന്ത്യയുടെ വികസനത്തിന് സജീവമായി ഇടപെടുന്നതിന് യുവാക്കളെ ശാക്തീകരിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ ഉത്തേജിപ്പിക്കുക, രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് മേളയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാർ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ റിക്രൂട്ട്മെൻറ് സുഗമമാക്കുന്നതിനും ഇത് സഹായിക്കുന്നു.
Discussion about this post