അന്താരാഷ്ട്ര ബഹിരാകാശ നിലയിൽ നിന്നും ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകളറിയിച്ച് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബഹിരാകാശ നിലയത്തിലൽ നിന്നും റെക്കോർഡ് ചെയ്ത് അയച്ച വീഡിയോയിലൂടെയാണ് സുനിത വില്യംസ് ആശംസാ സന്ദേശം അയച്ചത്. ഭൂമിയിൽ നിന്നും 260 മൈൽ ഉയരത്തിൽ നിന്നും ദീപാവലി ആഘോഷം കാണുന്നതിന്റെ അനുഭവവും അവർ വീഡിയോയിൽ പങ്കുവച്ചു.
‘അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദീപാവലി ആശംസകൾ. ഞാൻ സുനിതാ വില്യംസ്. വൈറ്റ് ഹൗസിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ദീപാവലി ആശംസകൾ അറിയിക്കാന ഞാൻ ആഗ്രഹിക്കുന്നു’- സുനിത പറഞ്ഞു.
അമേരിക്കയിലെ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്കിടെയാണ് ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിത വില്യംസിന്റെ വീഡിയോ പ്രദർശിപ്പിച്ചത്. ദീപാവലി ആഘോഷങ്ങൾ നടത്തിയതിനും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ അംഗീകരിച്ചതിനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും സുനിത വില്യംസ് നന്ദിയറിച്ചു. ഈ വർഷം ഭൂമിയിൽ നിന്നും 260 മൈൽ ഉയരത്തിൽ നിന്നും ദീപാവലി ആഘോഷിക്കാനുള്ള അസുലഭമായ അവസരമാണ് തനിക്കുണ്ടായിരിക്കുന്നതെന്നും സുനിത വില്യംസ് വ്യക്തമാക്കി.
Discussion about this post