അബുദാബി: ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം. അബുദാബിയിലെ വിശ്വാസികൾക്കായി അബുദാബി ബാപ്‌സ് ഹിന്ദുമന്ദിർ തുറന്നതിന് ശേഷം ആദ്യമായി എത്തുന്ന ദീപാവലി വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്തർ. ദീപാവലി ദിവസം ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
ക്ഷേത്ര ദർശനത്തിനെത്തുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പരമാവധി രണ്ടു മണിക്കൂർ സമയമായിരിക്കും ഒരാൾക്ക് ദർശനത്തിന് അനുവദിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ദീപാവലി ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ പുരോഗമിക്കുകയാണ്.
ദീപാവലി ദിനമായ ഒക്ടോബർ 31-ന് രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെയാണ് ക്ഷേത്രത്തിൽ ദീപാവലി ആഘോവും പ്രത്യേക ചടങ്ങുകളും നടക്കുക. ഭക്തർക്ക് സുഗമമായി ദർശനം നടത്തുവാൻ എല്ലാവിധ സജീകരണങ്ങളും ഒരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. ഭക്തരുടെ വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സൗകര്യവും അവിടെ നിന്നും ഷട്ടിൽ ബസ് സർവ്വീസും ഏർപ്പെടുത്തും. ക്ഷേത്രദർശനത്തിനായി എത്തുമ്പോൾ വലിയ ബാഗുകൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ഹാൻഡ് ബാഗിൽ ആഭരണങ്ങളും മൂർച്ചയുള്ള സാധനങ്ങളും പാടില്ലെന്നും അധികൃതർ നിർദ്ദേശം നൽകി.
Discussion about this post