കോയമ്പത്തൂര്‍: തുടർച്ചയായി സൂപ്പർ ഹീറോ സിനിമകൾ കാണുകയും അമാനുഷിക ശക്തിയുണ്ടെന്ന് സ്വയം വിശ്വസിക്കുകയും ചെയ്ത വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. സൂപ്പർ ഹീറോ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെട്ട് കോളജിന്‍റെ നാലാം നിലയിൽനിന്നു താഴേക്കു ചാടിയ വിദ്യാർഥിക്കാണ് ഗുരുതര പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് പരിസരത്തുള്ള ഹോസ്റ്റലിലാണ് സംഭവം.
ഈറോഡ് ജില്ലയിലെ പെരുന്തുറെയ്ക്ക് മേക്കൂര്‍ സ്വദേശിയായ എ പ്രഭു(19) വിനാണ് പരിക്കേറ്റത്. മൂന്നാം വര്‍ഷ ബി ടെക്ക് -ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് വിദ്യാര്‍ഥിയാണ് പ്രഭു. സൂപ്പര്‍ഹീറോകൾക്ക് സമാനമായി തനിക്കും അമാനുഷിക ശക്തിയുണ്ടെന്നും ഏത് കെട്ടിടത്തില്‍ നിന്നും ചാടാന്‍ കഴിയുമെന്നും പ്രഭു വിശ്വസിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ മറ്റു കുട്ടികൾ നോക്കിനിൽക്കെയാണ് കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽനിന്നും പ്രഭു താഴേക്കു ചാടിയത്. ഉടൻതന്നെ ഒറ്റക്കൽ മണ്ഡപത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ പിന്നീട് അവിനാശി റോഡിലെ ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ കാലുകളിലും അരയിലും മുഖത്തുമാണു പരിക്ക്.
Discussion about this post