നമ്മുടെ നാട്ടിൽ തണുപ്പുകാലം ആരംഭിച്ചിരിക്കുകയാണ്. പാമ്പുകളുടെ ശല്യം വർദ്ധിക്കുന്ന കാലം കൂടിയാണ് ഇത്. തണുപ്പിൽ നിന്നും രക്ഷതേടി പാമ്പുകൾ നമ്മുടെ വീടിന്റെ ഉള്ളിലും വാഹനങ്ങളിലും ഷൂസിലുമെല്ലാം അഭയം തേടിയേക്കാം. അതുകൊണ്ട്തന്നെ വലിയ ജാഗ്രത ആവശ്യമാണ്.
നാം അറിയാതെ തന്നെ പാമ്പുകൾ ഇഴഞ്ഞ് വീടിനുള്ളിലേക്ക് കയറാറുണ്ട്. മുക്കിലും മൂലയിലുമെല്ലാം ഒളിച്ചിരിക്കുന്ന ഈ പാമ്പുകൾ ഒരു പക്ഷെ നമ്മുടെ ജീവൻ തന്നെ അപഹരിച്ചേക്കാം. വീടിനുള്ളിൽ നിന്നും പാമ്പുകളെ പിടികൂടുക വളരെ പ്രയാസമേറിയ കാര്യമാണ്. ഈ സാഹചര്യത്തിൽ പാമ്പുകളെ വീടിനുള്ളിൽ നിന്നും പുറത്താക്കാൻ ഒരു വിദ്യ നമുക്ക് പരീക്ഷിച്ച് നോക്കാം.
കാഞ്ഞിരത്തിന്റെ കുരുവും ചാണകവരളിയും ആണ് ഇതിനായി ആവശ്യമുള്ളത്. ചാണകം ചപ്പാത്തിയുടെ രൂപത്തിൽ പരത്തി വെയിലത്ത് ഉണക്കിയാണ് ചാണകവരളി ഉണ്ടാക്കുക. പണ്ട് കാലങ്ങളിൽ അടുപ്പുകത്തിയ്ക്കാൻ വിറകിന് പകരം ഇത് ഉപയോഗിച്ചിരുന്നു. ഈ ചാണക വരളിയിൽ കാഞ്ഞിരത്തിന്റെ കുരു വയ്ക്കുക. ഇടിച്ച് ചതച്ച ശേഷം വച്ചാൽ വേഗത്തിൽ കത്താൻ സഹായിക്കും. പൊടിയാക്കി ചാണകവരളിയ്ക്ക് മുകളിൽ വിതറുന്നതും നന്നായിരിക്കും.
ഒന്നോ രണ്ടോ കുരുക്കൾ തന്നെ ധാരാളം ആണ്. ഇതിന് ശേഷം ചാണകവരളി കത്തിക്കാം. ഇതിൽ നിന്നുള്ള പുക വീടിനുള്ളിലേക്ക് കടക്കാൻ അനുവദിക്കുക. വീടിനുള്ളിൽ പാമ്പുണ്ടെങ്കിൽ പുക അടിയ്ക്കുമ്പോൾ പുറത്തുവരും. പുകയ്ക്കുമ്പോൾ അതിരൂക്ഷമായ ഗന്ധമാണ് പുറത്തുവരിക. ഇത് ശ്വസിക്കാൻ പാമ്പുകൾക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഇവ പുറത്തുവരും. വീടിന്റെ പരിസരത്ത് നിന്നും പാമ്പിനെ തുരത്താനും ഈ രീതി ഉപയോഗിക്കാം.
Discussion about this post