ഛണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കവുമായി പാകിസ്താൻ. അമൃത്‌സറിയിൽ അതിർത്തികടന്ന് പാക് ഡ്രോൺ എത്തി. ഇന്നലെ രാത്രിയോടെയായിരുന്നു അതിർത്തി കടന്ന് ഡ്രോൺ എത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഭരോപാൽ ഗ്രാമത്തിൽ ആയിരുന്നു ഡ്രോൺ എത്തിയത്. ഇവിടെ കൃഷിയിടത്തിൽ തകർന്ന് വീണ നിലയിൽ ആയിരുന്നു ഡ്രോൺ. അതിർത്തി കടന്ന് ഡ്രോൺ എത്തിയതായി ബിഎസ്എഫിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പുലർച്ചെ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് ഡ്രോൺ കണ്ടെടുത്തത്.
ചൈനീസ് നിർമ്മിത ഡ്രോണാണ് ലഭിച്ചത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിജെഐ മാവിക് 3 ക്ലാസിക് എന്ന ഡ്രോണാണ് എത്തിയത്. ഇത് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്. ലഹരിയോ ആയുധമോ കടത്താനായി എത്തിയ ഡ്രോണാണ് ഇതെന്നാണ് ബിഎസ്എഫ് സംശയിക്കുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് തകർന്ന് വീണതായിരിക്കാമെന്നും സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയും അമൃത്‌സർ ജില്ലയിൽ ഡ്രോൺ എത്തിയിരുന്നു. അതിർത്തി കടന്ന രണ്ട് സ്ഥലങ്ങളിലാണ് ഡ്രോൺ എത്തിയത്. ഈ സംഭവങ്ങളിൽ ഒന്നിൽ ഡ്രോണും, മറ്റൊന്നിൽ ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post