ശ്രീനഗർ; ലോകത്തെ വിസ്മയപ്പെടുത്തുക എന്നത് ഇന്നത്തെ ഇന്ത്യയ്ക്ക് അപ്രാപ്യമായ കാര്യമല്ല. കൈക്കൊള്ളുന്ന നിലപാടിലും ശബ്ദത്തിലും കെട്ടിലും നടപ്പിലും പ്രവർത്തനങ്ങളിലും വളർച്ചയിലുമെല്ലാം ഭാരതം അവളുടെ കൈയ്യൊപ്പ് ചാർത്തുന്നു.രാജ്യത്തിന്റെ വികസനജൈത്രയാത്രയിൽ മറ്റൊരേടുകൂടി ചേർത്ത് കശ്മീരിലെ ചെനാബ് റെയിൽപ്പാലം ഒരുങ്ങുകയാണ്. ഇന്ത്യ ലോകത്തിന് മുന്നിൽ കെട്ടി ഉയർത്തിയ എഞ്ചിനീയറിംഗ് വിസ്മയമായ ചെനാബ് പാലത്തിലൂടെ ഇന്ത്യൻ റെയിൽവേ പരീക്ഷണ ഓട്ടവും നടത്തിക്കഴിഞ്ഞു. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതായത് 141 കോടി ഇന്ത്യക്കാരുടെ സ്വപ്നം യാഥാർത്ഥ്യമാകാനുള്ള ദൈർഘ്യം കുറഞ്ഞുവെന്നർത്ഥം.
ഈ കഴിഞ്ഞ ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പ്രൊജക്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. കാശ്മീരിൽ ചെനാബ് നദിയുടെ മുകളിലൂടെയുള്ള ചെനാബ് റെയിൽവെ പാലത്തിലൂടെ കടന്നുപോകുന്ന റെയിൽവെ പാതയുടെ പദ്ധതിയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? ബരാമുള്ളയെ ജമ്മുവുമായി ബന്ധിപ്പിക്കുന്ന ചെനാബ് പാലത്തിന്റെ മേൽ പാകിസ്താനും ചൈനയ്ക്കും വലിയ ആശങ്കകളാണുള്ളത്. കശ്മീരിൽ ഇന്ത്യയ്ക്ക് കൈക്കരുത്ത് കാണിക്കാൻ എളുപ്പമാകും എന്നത് തന്നെയാണ് ഈ ഭയത്തിന് കാരണം. പാകിസ്താനുമായി അതിർത്തിപങ്കുവയ്ക്കുന്ന സ്ഥലത്തേക്കാണ് പാലം വഴി വെട്ടുന്നത് എന്നതിനാൽ യുദ്ധസമയത്ത് പോലും മേൽക്കൈ ഇന്ത്യയ്ക്ക് നേടാൻ കഴിയും.യാത്രാസൗകര്യത്തിന് പുറമേ സൈനിക ആവശ്യത്തിനുള്ള ഉപകരണങ്ങളും സൈനികരെയും അതിർത്തി മേഖലയിലേക്ക് എളുപ്പം എത്തിക്കാനും ഈ പാലം വന്നതോടെ സാദ്ധ്യമാകും.
കാശ്മീരിലെ റീസി, റംബൻ ജില്ലകളെ തമ്മിൽ യോജിപ്പിക്കുന്ന ഈ വമ്പൻ പാലത്തെക്കുറിച്ച് വിവരങ്ങൾ അറിയാൻ പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ ശ്രമം ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് ഐഎസ്ഐയുടെ നീക്കം എന്നാണ് സൂചന. ചൈനയാണ് പാലത്തെ കുറിച്ച് അന്വേഷിക്കാൻ പാകിസ്താനെ ഏൽപ്പിച്ചചെന്നും വിവരങ്ങൾ ഉണ്ട്.
അതേസമയം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചെനാബ് പാലം ജമ്മു കശ്മീരിലെ റേസി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1.3 കിലോമീറ്റർ നീളമുള്ള പാലം നദിയിൽ നിന്ന് 359 മീറ്റർ (1179 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിപ്രശസ്തമായ പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരകൂടുതലാണിത്. നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ചൈനയിലെ ഷ്യൂബായ് റെയിൽവേ പാലത്തെ മറികടക്കാനും ചെനാബ് പാലത്തിനാവും. ചൈനയിലെ ഗയ്ഷു പ്രവിശ്യയിൽ ബിപാൻജിയാങ് നദിക്കു കുറുകെയുള്ള 275 മീറ്റർ ഉയരത്തിലുള്ള പാലം ഇതോടെ ഉയരത്തിൽ രണ്ടാമതാകും.
ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആർച്ച് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്.രംബാനിൽ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിൻ സർവീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയിൽപ്പാലത്തിലൂടെ കടന്നുപോകുക. ഉധംപുർ വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈന്റെ ഭാഗമാണ് ചെനാബ് റെയിൽപ്പാലം. കശ്മീർ റെയിൽവെ പദ്ധതിയിൽ ഉൾപ്പെടുന്ന ഉധംപുർ-ശ്രീനഗർ-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഈ പാലം.
Discussion about this post