വെള്ളം കഴിഞ്ഞാൽ ലോകത്തുള്ള മനുഷ്യർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനീയമാണ് ചായ. ഇന്നത്തെ കാലത്ത് ഹെൽത്ത് ഫുഡ് തേടിപോകുന്നവർ ചായയും അതിൽ ചേർക്കുന്ന പഞ്ചസാരയുടെയും പ്രശ്‌നങ്ങളോർത്ത് കുടിക്കാതെ ഇരിക്കുന്നു. എന്നാലും ദൈനംദിന ജീവിതത്തിൽ ഒരു ചായയില്ലാതെ പറ്റില്ല. ഈ ചർച്ച കൊഴുക്കുമ്പോഴാണ് സോഷ്യൽമീഡിയകളിൽ ശർക്കര ചായയെ കുറിച്ചുള്ള കുറിപ്പുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. യഥാർത്ഥത്തിൽ പഞ്ചസാര ഇട്ട ചായയേക്കാൾ ഗുണകരമാണോ ശർക്കരഇട്ട ചായ?
ശ്വേത പറയുന്നു, ചെറിയ അളവിൽ ഇരുമ്പ് , കാൽസ്യം, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയ ശർക്കര ചായ ആരോഗ്യകരമാണെന്നാണ് പൊതുവെ ഉയരുന്ന കാര്യം. എന്നാൽ ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം കുറയ്ക്കുകയോ അസാധുവാക്കുകയോ ചെയ്യുന്ന സംയുക്തങ്ങൾ ചായയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ചായയിൽ ശർക്കര ചേർത്താലും ഇല്ലെങ്കിലും, നിങ്ങളുടെ ശരീരത്തിന് അത് ഗുണം ചെയ്യില്ലെന്നറിയുക.
നിങ്ങളുടെ ശരീരത്തിന് ഗ്ലൂക്കോസ് എവിടെ നിന്ന് ലഭിക്കുന്നു എന്നത് പ്രശ്‌നമല്ല, അത് ശർക്കരയോ പഞ്ചസാരയോ ആകട്ടെ. ഗ്ലൂക്കോസിനോട് ശരീരത്തിന്റെ പ്രതികരണം എപ്പോഴും ഒരേപോലെ ആയതിനാൽ ഇൻസുലിൻ സ്‌പൈക്ക് ഉണ്ടാകും.പക്ഷേ ശർക്കര മസാല ചായ ചില ഗുണഗണങ്ങൾ നൽകുന്നുണ്ട്. അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും മസാലശർക്കര ചായ സഹായിക്കുന്നു.
വെള്ളം അരക്കപ്പ്
പാൽ 2 കപ്പ്
ഏലയ്ക്ക 6 എണ്ണം
കറുവപ്പട്ട ഒന്നര കഷ്ണം
ഗ്രാമ്പൂ 4 എണ്ണം
ഇഞ്ചി 1 കഷ്ണം
ചായപ്പൊടി 2 ടീസ്പൂൺ
ശർക്കരപൊടിച്ചത് 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നന്നായി തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി, കറുവപ്പട്ട എന്നിവ ചതച്ചിടുക. മസാല കൂട്ട് തിളക്കാൻ തുടങ്ങുമ്പോൾ ചായപ്പൊടിയും ചേർക്കുക. നന്നായി തിളച്ചതിനു ശേഷം പാലും ചേർത്ത് തിളപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് ശർക്കരയും ചേർത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക. ശേഷം അരിച്ചെടുക്കുക. മസാല ചായ റെഡി…












