ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ കാനഡയുടെ ആരോപണങ്ങളിൽ പ്രതിഷേധവുമായി ഇന്ത്യ. തുടർനടപടികളുടെ ഭാഗമായി ന്യൂഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. കനേഡിയൻ മണ്ണിൽ സിഖ് വിഘടനവാദികൾക്കെതിരെ ഗൂഢാലോചന നടത്തി എന്നാണ് അമിത് ഷാക്കെതിരെ ജസ്റ്റിൻ ട്രൂഡോ ഭരണകൂടം ആരോപണം ഉയർത്തിയിട്ടുള്ളത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഡെപ്യൂട്ടി മന്ത്രി ഡേവിഡ് മോറിസൺ കമ്മിറ്റിക്ക് മുമ്പാകെ നടത്തിയ അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമർശങ്ങളെ ന്യൂഡൽഹി ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. 2024 ഒക്ടോബർ 29 ന് ഒട്ടാവയിൽ നടന്ന പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് ട്രൂഡോ സർക്കാർ അമിത് ഷാക്കെതിരെ ആരോപണമുയർത്തിയത്.
അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമർശങ്ങളാണ് ജസ്റ്റിൻ ട്രൂഡോ സർക്കാർ നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. നിലവിലെ കനേഡിയൻ ഗവൺമെൻ്റിൻ്റെ രാഷ്ട്രീയ അജണ്ടയെയും പെരുമാറ്റ രീതിയെയും കുറിച്ച് ഇന്ത്യ വളരെക്കാലമായി സൂചിപ്പിക്കുന്ന കാഴ്ചപ്പാട് സ്ഥിരീകരിക്കുന്നതാണ് കാനഡ സർക്കാരിന്റെ പുതിയ വെളിപ്പെടുത്തൽ എന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post